ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതോടെ ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച് തീരുമാനമാകുമെന്ന് റിപ്പോർട്ട്. ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതോടെ ഹാർലി ബൈക്കുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ പത്ത് ശതമാനത്തിൽ താഴെയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട കരാർ ഇന്ത്യയിൽ എത്തിയതിന് ശേഷം ഒപ്പുവയ്ക്കുമെന്നും സൂചനയുണ്ട്.
നേരത്തെ ഹാർലി ബൈക്കുകൾക്ക് ഇന്ത്യ 100 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. തുടർന്ന് അമേരിക്കയുടെ എതിർപ്പിനെ തുടർന്ന് 50 ശതമാനമാക്കി ചുരുക്കിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രസിഡന്റ് ട്രംപ് തയ്യാറായിരുന്നില്ല. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഇറക്കുമതി ചുങ്കം തനിക്ക് പ്രധാനപ്പെട്ട വിഷയമാണെന്നും ഇന്ത്യ അത് പൂർണമായും ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. താൻ ഭരിക്കുമ്പോൾ അമേരിക്കയെ അധിക കാലം വിഡ്ഢികളാക്കാൻ കഴിയില്ലെന്നും ഹാർലി ബൈക്കുകൾ ഇന്ത്യയിലേക്ക് അയക്കുമ്പോൾ 100 ശതമാനമാണ് അവിടെ നികുതി. എന്നാൽ അവരുടെ (ഇന്ത്യയുടെ) ബൈക്കുകൾ ഇങ്ങോട്ട് അയക്കുമ്പോൾ ഒരു ടാക്‌സും ഈടാക്കുന്നില്ലെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
ഹാർലിഡേവിഡ്‌സൺ ഇറക്കുമതിയിലുള്ള ആശങ്കകൾ ഇതിനോടകം പരിഹരിച്ചതായി വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു. 1,600 സി.സിക്ക് മുകളിലുള്ള ബൈക്കുകളുടെ തീരുവ ഒറ്റ അക്കമായി കുറയ്ക്കും. അത്തരം ബൈക്കുകൾക്കായി ഇന്ത്യ ഒരു പുതിയ എച്ച്.എസ് കോഡ് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മോട്ടോർ സൈക്കിളുകളെ 75 സി.സി, 250 സി.സി, 500 സി.സി, 800 സി.സി അല്ലെങ്കിൽ അതിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ളവ എന്നിങ്ങനെയായാണ് നിലവിൽ തരംതിരിക്കുന്നത്. വിൽപ്പനയ്‌ക്കെത്തുന്ന ഓരോ ഉൽപ്പന്നത്തെയും ഒരു എച്ച്എസ്എൻ കോഡ് പ്രകാരം തരം തിരിച്ചിരിക്കുന്നു.