ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എം.പിക്ക് ഇന്ത്യ വിസ നിഷേധിച്ചു. ലേബർ പാർട്ടി എം.പിയും കാശ്മീരിനെ കേന്ദ്രീകരിച്ചുള്ള ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷയുമായ ഡെബി എബ്രാംസിനെയാണ് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞത്. ഇന്നലെ രാവിലെ 9നാണ് ഡെബി സഹായിയായ ഹർപ്രീത് ഉപലിനോടൊപ്പം ദുബായിൽ നിന്നു ഇന്ത്യയിലെത്തിയത്.
'ഇ- വീസയും രേഖകളുമായി ഞാൻ ഇമിഗ്രേഷൻ കൗണ്ടറിലെത്തിയ ശേഷമാണ് ഒരു ഉദ്യോഗസ്ഥൻ വിസ നിഷേധിച്ച കാര്യം പറഞ്ഞത്. പിന്നാലെ എന്റെ പാസ്പോർട്ടുമായി അയാൾ പോയി. 10 മിനിറ്റിനുശേഷം തിരികെയെത്തിയ അയാളുടെ പെരുമാറ്റം വളരെ മോശമായിരുന്നു. മോശം രീതിയിൽ സംസാരിക്കരുതെന്ന് ഞാൻ പറഞ്ഞു. പിന്നീട് അയാൾ എന്നെ നാടുകടത്തുന്നവരുടെ സെല്ലിലേക്ക് കൊണ്ടുപോയി. തുടർന്ന് ബന്ധുവിനോടും ബ്രിട്ടീഷ് ഹൈക്കമ്മിഷനിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വിസ ഓൺ അറൈവലിനെക്കുറിച്ച് ഉദ്യോഗസ്ഥരോടു ചോദിച്ചെങ്കിലും അവർക്ക് ഉത്തരമില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്നുപോലും ഉദ്യോഗസ്ഥർക്ക് അറിയില്ല.’ – ഡെബി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ഡെബി ഇന്ത്യയിൽ എത്തിയത്. എന്നാൽ, ഒക്ടോബർ വരെ ഡെബിയുടെ വിസയ്ക്ക് കാലാവധിയുണ്ടെന്നാണ്ന് ഹർപ്രീത് പറയുന്നത്. അതേസമയം, ഇന്ത്യയിൽ പ്രവേശിക്കാനുള്ള വിസ ഡെബ്ബി എബ്രഹാംസിന്റെ കൈവശം ഇല്ലായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കനത്ത എതിർപ്പ് പ്രകടിപ്പിച്ചയാളാണ് ഡെബി.