കേരളം എന്തിന് കൊള്ളാം. ദൈവത്തിന്റെ നാടെന്നൊക്കെ പറയാൻ എന്ത് യോഗ്യതയാണ് ഇൗ നാടിനുള്ളത്. അഴകപ്പൻ സമയം കിട്ടുമ്പോഴൊക്കെ പിറന്ന നാടിനെ കുറ്റംപറയും. ഭാര്യ അപ്പോഴൊക്കെ എതിർക്കും. ജന്മം നൽകിയ അച്ഛനമ്മമാരെക്കുറിച്ചും ജനിച്ച സ്ഥലം, പഠിച്ച സ്ഥലം ഇവയെക്കുറിച്ചും കുറ്റം പറയുന്നത് ശരിയല്ല. ജനിക്കുന്നതിനുമുമ്പ് കിടന്ന അമ്മയുടെ ഗർഭപാത്രത്തെക്കുറിച്ചും ഇങ്ങനെയാണെങ്കിൽ കുറ്റം പറയുമല്ലോ. ശ്രീനാരായണ ഗുരുവിന്റെ പിണ്ഡനന്ദിയെക്കുറിച്ചും അവർ ഒാർമ്മിപ്പിക്കും. അവിടെ കിടക്കുമ്പോൾ അച്ഛനില്ല, അമ്മയില്ല, ബന്ധുബലമില്ല, സാമ്പത്തിക ബലമില്ല. അപ്പോൾ പിണ്ഡത്തെ കാത്തത് ഭഗവാൻ മാത്രമല്ലേ? ഭാര്യയുടെ വാക്കുകൾ കേട്ട് അഴകപ്പൻ പുച്ഛത്തോടെ ചിരിക്കും.
മക്കൾ രണ്ടുപേരും ഇക്കാര്യത്തിൽ അച്ഛന്റെ പക്ഷമാണ്. പഠിച്ച് പുറത്തേക്കെവിടെയെങ്കിലും പോകണം. ഏതായാലും കേരളം വേണ്ടേവേണ്ട. മകൻ പുറം രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് നിശ്ചയിച്ചു. എത്ര പണമായാലും വേണ്ട കേരളത്തീന്ന് രക്ഷപ്പെട്ടു പോ. നിങ്ങളുടെ അമ്മ അറുപഴഞ്ചനാണ്. പുറംലോകത്തെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ല, ഗന്ധവുമില്ല. ഭർത്താവിന്റെ അധിക്ഷേപം കേട്ടാലും പുഞ്ചിരിമായാതെ ഭാര്യയിരിക്കും. നമുക്കല്ലേ അകംലോകവും പുറംലോകവുമുള്ളൂ. എല്ലാ ജീവജാലങ്ങളെയും പോറ്റുന്ന ഭൂമീദേവിക്ക് അങ്ങനെയൊരു ഭേദമുണ്ടോ? എല്ലാനാടും ഒരുപോലെ. ഭൂമിശാസ്ത്രത്തിൽ ബിരുദമെടുത്ത ഭാര്യയും വിട്ടുകൊടുക്കില്ല.
ലണ്ടനിൽ പഠിച്ചുവന്ന മകന് ഉത്തരേന്ത്യയിലാണ് ആദ്യം ജോലി കിട്ടിയത്. നല്ല ശമ്പളവും പദവിയും. എന്തായാലും കേരളത്തിൽ കിട്ടാത്തതിൽ അഴകപ്പനും മകളും സന്തോഷിച്ചു.മകൾക്ക് വിവാഹമുറപ്പിച്ചത് സൗദിയിലെ സർക്കാർ സർവീസിലുള്ള എൻജിനീയറുമായി. അതും ഒരു ഭാഗ്യമായി അവർ കരുതി. കേരളത്തിലെപ്പോലെ പരദൂഷണമില്ല. അസൂയയില്ല, പാരകളില്ല. നല്ല നിലവാരമുള്ളവർ, വിമാന സർവീസുകൾ ധാരാളമുള്ളതുകൊണ്ട് കണ്ണടച്ചുതുറക്കും മുമ്പേ നാട്ടിലെത്താം.
വിവാഹം കഴിഞ്ഞ് മകൾ ഗൾഫിലേക്ക്. ജോലിക്കായ മകൻ ഉത്തരേന്ത്യയിലേക്ക്. അഴകപ്പൻ സന്തോഷസൂചകമായി സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടിതന്നെ നടത്തി. നശിച്ച കേരളം വിട്ടുപോണം എങ്കിലേ ഗുണം പിടിക്കൂ. ലഹരി തലയ്ക്ക് പിടിച്ച സുഹൃത്തുക്കളും അഴകപ്പനെ പിന്തുണച്ചു. എല്ലാ നാടും ഒരുപോലെയാ. മനുഷ്യരുള്ളിടത്തൊക്കെ മനുഷ്യന്റെ ഗുണദോഷങ്ങളുണ്ടാകും. അത് നാടിന്റെ കുറ്റമല്ല. അവിടെ പാർക്കുന്നവന്റെ കുറ്റമാ. ഭാര്യ പറഞ്ഞതിനോട് അഴകപ്പൻ യോജിച്ചില്ല.
ഒരുവർഷമായപ്പോഴേക്കും ഉത്തരേന്ത്യയിൽ കൊടുംതണുപ്പ്. മൈനസിലേക്ക് പോകും. സഹിക്കാൻ പറ്റുന്നില്ല. മകന്റെ ഉൽക്കണ്ഠയും ആശങ്കയും ഫോണിലൂടെ കേട്ട് അഴകപ്പന്റെ സന്തോഷം മങ്ങി. മകൾക്കാകട്ടെ കൊടുംച്ചൂടിനെപ്പറ്റിയാണ് പരാതി. എ.സിയില്ലാതെ ഒരു സെക്കൻഡ് ജീവിക്കാൻ പറ്റില്ല. നാട്ടിൽ ഒരു ചെറിയ സർക്കാർ ജോലിക്കുള്ള അഡ്വൈസ് മെമ്മോ കിട്ടിയെന്നറിഞ്ഞ് നാലാംനാൾ ഒാർക്കാപ്പുറത്ത് ആരെയും അറിയിക്കാതെ മകൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മടങ്ങിയെത്തി.
അത്ര പെട്ടെന്ന് എത്തുമെന്ന് അഴകപ്പനും കരുതിയിരുന്നില്ല. ഭാര്യയുടെ മുഖം അമാവാസിക്ക് ശേഷം തെളിഞ്ഞുവരുന്ന ചന്ദ്രക്കലപോലെ. ബാഗ് തുറന്ന് സമ്മാനങ്ങൾ എടുത്ത് നിരത്തുന്നതിനിടെ മകൻ പറഞ്ഞു: വിമാനം സഹ്യന്റെ മുകളിലെത്തുമ്പോൾ അനുഭവിച്ച സന്തോഷം, സുഖം... അതുപറഞ്ഞറിയിക്കാനാകില്ല. അതുകേട്ട് അഴകപ്പന്റെ മട്ടു മാറി. ശരിയാണ് പോറ്റിവളർത്തിയ രക്ഷിതാക്കൾക്കും നാടിനും ഒന്നും തിരിച്ചുനൽകിയില്ലെങ്കിലും തള്ളിപ്പറയാതിരുന്നാൽ മതി. അച്ഛന്റെ ചുവടുമാറ്റം കണ്ട് മകന് ആഹ്ളാദമടക്കാനായില്ല.
(ഫോൺ : 9946108220)