
വാരണാസി: കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത ഇൻഡോർ- വാരണാസി 'കാശി- മഹാകാൽ എക്‌സ്‌പ്രസിൽ" ബി -5 കോച്ചിലെ 64-ാം നമ്പർ സീറ്റ് 'ഭഗവാൻ ശിവന്" റിസർവ് ചെയ്ത് റെയിൽവേ അധികൃതർ. ട്രെയിനിലെ 'ശിവക്ഷേത്രം' വിവാദമായതോടെ 'താത്കാലിക പൂജയ്ക്കെന്ന' വിശദീകരണവുമായി ഇന്ത്യൻ റെയിൽവെ രംഗത്തെത്തി.
ട്രെയിനിലെ അപ്പർ ബെർത്തിനോട് ചേർത്തുള്ള തട്ടിൽ ഭഗവാൻ ശിവന്റെ വിവിധ ചിത്രങ്ങൾ. ഇവയിൽ പൂമാല ചാർത്തി ടി.ടി.ആർ തീപ്പെട്ടി ഉരച്ച് വിളക്ക് കത്തിച്ച് ആരാധിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ട്രെയിനിൽ തീപിടിക്കുന്ന വസ്തുക്കളുമായി യാത്ര ചെയ്യുകയോ കയറുകയോ ചെയ്യരുതെന്നാണ് നിയമം. ഇത് സ്ഥിരമായി ശിവനുവേണ്ടി സംവരണം ചെയ്ത സീറ്റാണെന്നും ചെറു ശിവക്ഷേത്രമാക്കി മാറ്റി പ്രത്യേക ദിവസങ്ങളിൽ പ്രാർത്ഥന നടത്തുന്നത് പരിഗണണനയിലുണ്ടെന്നും ഉത്തര റെയിൽവേ പറഞ്ഞിരുന്നു.
എന്നാൽ, സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. സംഗതി വിവാദമായതോടെ 'നിത്യപൂജ" ഇന്ത്യൻ റെയിൽവെ നിഷേധിച്ചു. 'ഫ്ലാഗ് ഓഫിന് മുമ്പ് ഈ ബർത്ത് അലങ്കരിച്ച് പൂജ നടത്തി, ഉദ്യോഗസ്ഥർ അനുഗ്രഹം തേടിയതാണ്. ശിവ പൂജയ്ക്കായി ഒരു സ്ഥിരം ബർത്ത് ഏർപ്പെടുത്താനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല."-ഐ.ആർ.സി.ടി.സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കാശി - മഹാകാൽ എക്സ്‌പ്രസ്
മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു
മൂന്ന് ജ്യോതിർലിംഗങ്ങൾ സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര
ഇൻഡോറിനടുത്തുള്ള ഓംകാരേശ്വർ, ഉജ്ജൈനിക്കടുത്തുള്ള മഹാകാലേശ്വർ, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം എന്നിവയാണവ
ശിവരാത്രിയുടെ തലേന്ന്, 20 മുതൽ ഓടിത്തുടങ്ങും
ആഴ്ചയിൽ മൂന്നുതവണ സർവീസ് നടത്തും