coronavirus

ന്യൂഡൽഹി: ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ കൊറോണ വെെറസ് മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണ് കൊറോണയെന്നും അദ്ദേഹം വ്യക്തമാക്കി. അവരെ ഭക്ഷിക്കുന്നയാള്‍ക്ക് മരണത്തിന്റെയും ശിക്ഷയുടെയും സന്ദേശം നല്‍കാന്‍ അവര്‍ വന്നിട്ടുണ്ടെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.

കൊറോണ ബാധയില്‍ നിന്ന് രക്ഷനേടാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് കൊറോണയുടെ ഒരു വിഗ്രഹം സൃഷ്ടിക്കുകയും മാപ്പപേക്ഷിക്കുകയും വേണമെന്നാണ് ചക്രപാണി വാദിക്കുന്നത്. ഒപ്പം എല്ലാ മാംസാഹാരികളായ ചൈനീസ് പൗരന്മാരും ഭാവിയില്‍ നിരപരാധികളായ ഏതെങ്കിലും സൃഷ്ടികളെ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറഞ്ഞത് പിന്തുടര്‍ന്നാല്‍ കൊറോണ അതിന്റെ ലോകത്തേക്ക് മടങ്ങിപ്പോകുമെന്നുമാണ് ചക്രപാണി പറയുന്നത്. ഇന്ത്യക്കാരുടെ ദൈവമായ പശു ആരാധന വൈറസിനെ തടുക്കുമെന്നും ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് വ്യക്തമാക്കി. ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണയുടെ രോഷം അണയുമെന്നും ചക്രപാണി അവകാശപ്പെട്ടു.