അഹമ്മദാബാദ് : മിസൈൽ വിക്ഷേപണ ഉപകരണങ്ങളുമായി കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പൽ ഇന്ത്യൻ നേവി പിടിച്ചെടുത്തു. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇന്ത്യയുടെ വിശദീകരണം.
ഫെബ്രുവരി മൂന്നിനാണ് കപ്പൽ പിടികൂടി കണ്ട്ല തുറമുഖത്ത് എത്തിച്ചത്. ഡി.ആർ..ഡി.ഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തി. ആണവ ശാസ്ത്രജ്ഞരും കപ്പൽ പരിശോധിക്കും, അതേസമയം കപ്പലിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയിട്ടില്ല. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ യാങ്ട്സെ നദീ തുറമുഖത്ത് നിന്നാണ് കപ്പൽ കറാച്ചിയിലെ ഖാസിം തുറമുഖത്തേക്ക് പുറപ്പെട്ടത്. ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലിന് ഡാ സ്യു യുൻ എന്നാണ് പേര്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെഭാഗമായാണ് കപ്പൽ പുറപ്പെട്ടതെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സംശയം.
അതേസമയം, മിസൈൽ വിക്ഷേപണ ഉപകരണങ്ങൾ അല്ല കപ്പലിലുള്ളതെന്നും ജലശുദ്ധീകരണ യന്ത്ര സാമഗ്രികളാണെന്നുമാണ് കപ്പൽ അധികൃതരുടെ വാദം.