kashmiri

ബംഗളൂരു: കർണാടകയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മൂന്ന് കാശ്മീരി വിദ്യാർത്ഥികളെ മാർച്ച് 2വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ രാവിലെ ഇവരെ കോടതിയിലെത്തിച്ചപ്പോൾ ബംജ്‌റംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായി.

വിദ്യാർത്ഥികളുമായി പൊലീസ് കോടതി പരിസരത്തെത്തിയപ്പോൾ ഭാരത് മാതാ വിളികളുമായി നൂറുകണക്കിനാളുകൾ പരിസരത്ത് തടിച്ചുകൂടി. ഇതിൽ ചിലരാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പൊലീസ് ശ്രമപ്പെട്ട് ഇവരെ പൊലീസ് ബസിൽ എത്തിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുകയും പാക് സൈന്യത്തിന്റെ ചിത്രങ്ങൾ പശ്ചാത്തലമാക്കി പാട്ട് പാടുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ വീഡിയോ പുറത്തായതിനെ തുടർന്നാണ് മൂവരും അറസ്റ്റിലാകുന്നത്. സ്വകാര്യ കോളേജിലെ എൻജിനിയറിംഗ് വിദ്യാർത്ഥികളാണിവർ.
എ.ബി.വി.പി, ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരുടെ കോളേജിലെത്തി വിദ്യാർത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ഞായറാഴ്ച ഹുബ്ബള്ളിയിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലും വലത് സംഘടനകൾ പ്രക്ഷോഭം നടത്തി.