vava-suresh-

തിരുവനന്തപുരം : പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ ചികിത്സയ്ക്കായി എയിംസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ആരായാൻ കേന്ദ്രമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വി.വി.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കുവാൻ സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതൽ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതൽ ചികിത്സയ്ക്കായി AIMS ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാദ്ധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരൻജിയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിർദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് RMO യോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ സാധ്യമായതെല്ലാം ചെയ്യും.