jijuthomas

കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളും ഒരു ശിവകാശി സ്വദേശിയും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കൊല്ലം കല്ലുവാതുക്കൽ അടുതല ജിജുവിലാസത്തിൽ തോമസ് കുട്ടിയുടെ മകൻ ജിജു തോമസ് (31), കടയ്ക്കൽ മണ്ണൂർ ചെറുകാട്ട് മാങ്കുഴിപ്പണ പുത്തൻവീട്ടിൽ നൈനാന്റെ മകൻ സിഞ്ചു കെ. നൈനാൻ (37) എന്നിവരാണ് മരിച്ച മലയാളികൾ. റിക്കവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖർ (50) ആണ് മരിച്ച മൂന്നാമൻ.
ഇന്നലെ രാവിലെ 6.15നായിരുന്നു അപകടം. മരിച്ച മലയാളികൾ കുടുംബസമേതം ചെന്നൈയിൽ നിന്ന് കാറിൽ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ ഇവർ സഞ്ചരിച്ച സൈലോ കാർ അരുളാച്ചി ജംഗ്ഷനു സമീപം ടയർ പഞ്ചറായതിനെ തുടർന്ന് ചെറിയൊരു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു. കാർ അവിടെ ഒതുക്കിയിട്ടശേഷം കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ നാട്ടിലേക്ക് ബസിൽ കയ​റ്റി വിട്ടു. തന്റെ റിക്കവറി വാഹനവുമായി അപകടത്തിൽ പെട്ട കാർ നീക്കം ചെയ്യാനായി എത്തിയതായിരുന്നു ശിവകാശി സ്വദേശിയായ രാജശേഖർ. ഇവർ മൂവരും ചേർന്ന് റോഡിന്റെ വലതുവശത്ത് കിടന്ന കാർ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കോവൈ- തെങ്കാശി റൂട്ടിലോടുന്ന ആരതി ട്രാവൽസിന്റെ ഒമ്‌നി ബസ് റോഡിന്റെ വലതുവശത്ത് നില്ക്കുകയായിരുന്ന മൂന്നുപേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബസ് ഓടിച്ചിരുന്ന കോവിൽപ്പെട്ടി സ്വദേശി ജയപ്രകാശിനെ (32) വസുദേവനല്ലൂർ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടത്തിനായി ശിവകാശി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാ​റ്റി.