കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. ഇവരെ ഉടൻ പ്രതികളാക്കും. ഗൂഢാലോചനയിലും മർദ്ദനത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കേസിൽ സി.ബി.ഐ ഇന്നലെ അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയും നെടുങ്കണ്ടം മുൻ എസ്.ഐയുമായ ഞാറയ്ക്കൽ പെരുമ്പിള്ളി സ്വദേശി കെ.എ. സാബുവിനെ (46) ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി, നെടുങ്കണ്ടം ഡിവൈ.എസ്.പി എന്നിവർക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇവരിലേക്കാണ് സി.ബി.ഐ അന്വേഷണം നീങ്ങുന്നത്.
ഇന്നലെ രാവിലെ കൊച്ചി സി.ബി.ഐ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സാബുവിനെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു സി.ബി.ഐ ആവശ്യം. ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സാബുവിനെ അടുത്ത ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, പീരുമേട് ജയിൽ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും.
സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റിന് വഴിയൊരുങ്ങിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും രാജ്കുമാറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതോടെ ഒക്ടോബറിൽ സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദ്ദേശം കൂടി വന്നതോടെ ജനുവരിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു.
സാമ്പത്തിക തട്ടിപ്പുകേസിൽ കഴിഞ്ഞ ജൂൺ 12 നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയത് 15 നും. ജയിലിലേക്ക് റിമാൻഡ് ചെയ്ത രാജ്കുമാർ 21 ന് ജയിലിൽ മരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം ന്യുമോണിയമൂലമാണെന്ന് പറയുന്നുണ്ടെങ്കിലും ജുഡിഷ്യൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള രണ്ടാം പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ 21 ക്ഷതങ്ങൾ കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമല്ല മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് സാബു നേരത്തെ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചാണ് സി.ബി.ഐ വിശദമായി അന്വേഷിക്കുക. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ റെജി മോൻ, അസി.സബ് ഇൻസ്പെക്ടർ റോയ്.പി. വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ്.നിയാസ്, സജീവ് ആന്റണി, ജിതിൻ കെ.ജോർജ്, ഹാേംഗാർഡ് കെ.എം.ജെയിംസ് എന്നിവരാണ് പ്രതികൾ. അതേസമയം, ജുഡിഷ്യൽ കമ്മിഷൻ നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. ഈ നിയമ പ്രശ്നം അടുത്തദിവസം കോടതി പരിഗണിക്കും.