കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളും ഒരു ശിവകാശി സ്വദേശിയും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിൽപെട്ട കൊല്ലം കല്ലുവാതുക്കൽ അടുതല വാളകത്ത് ജിജുവിലാസത്തിൽ ജിജു തോമസ് (31), കടയ്ക്കൽ മണ്ണൂർ ചെറുകാട്ട് മാങ്കുഴിപ്പണ പുത്തൻവീട്ടിൽ സിഞ്ചു കെ. നൈനാൻ (37) എന്നിവരാണ് മരിച്ച മലയാളികൾ. റിക്കവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖർ (50) ആണ് മരിച്ച മൂന്നാമൻ.
കെ.തോമസിന്റെയും ചിന്നമ്മയുടെയും മകനായ ജിജു തോമസ് മകൾ ജോനയുടെ പിറന്നാളാഘോഷിക്കാൻ ഒരാഴ്ചമുമ്പാണ് ഗൾഫിൽ നിന്നെത്തിയത്. അതിന്റെ ഭാഗമായാണ് രണ്ട് കുടുംബാംഗങ്ങളുമൊത്ത് വേളാങ്കണ്ണിയിലേക്ക് പോയത്. വ്യാഴാഴ്ച മടങ്ങിപ്പോകാനിരുന്നതാണ്. മരിച്ച സിഞ്ചു കെ.നൈനാൻ ജിജുതോമസിന്റെ മാതൃസഹോദരീ പുത്രനാണ്.
ഇന്നലെ രാവിലെ പുളിയൻകുടി ദേശീയ പാതയിൽ 6.15നായിരുന്നു അപകടം. പുലർച്ചെ രണ്ടു മണിയോടെ ഇവർ സഞ്ചരിച്ച സൈലോ കാർ അരുളാച്ചി ജംഗ്ഷന് സമീപം ടയർ പഞ്ചറായതിനെ തുടർന്ന് ചെറിയൊരു പാലത്തിന്റെ കൈവരികളിൽ ഇടിച്ചു. അതോടെ കാർ അവിടെ ഒതുക്കിയിട്ട ശേഷം കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ നാട്ടിലേക്ക് ബസിൽ കയറ്റി വിട്ടു. വിവരമറിഞ്ഞ് തന്റെ റിക്കവറി വാഹനവുമായി അപകടത്തിൽപെട്ട കാർ നീക്കം ചെയ്യാനായി എത്തിയതായിരുന്നു ശിവകാശി സ്വദേശിയായ രാജശേഖർ. മൂവരും ചേർന്ന് റോഡിന്റെ വലതുവശത്ത് കിടന്ന കാർ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കോവൈ- തെങ്കാശി റൂട്ടിലോടുന്ന ആരതി ട്രാവൽസിന്റെ ഓമ്‌നി ബസ് റോഡിന്റെ വലതുവശത്ത് നില്ക്കുകയായിരുന്ന മൂന്നുപേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു.
ബസ് ഓടിച്ചിരുന്ന കോവിൽപ്പെട്ടി സ്വദേശി ജയപ്രകാശിനെ (32) വസുദേവനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ശിവകാശി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊല്ലം അഷ്ടമുടി ഹോസ്പിറ്റലിൽ നഴ്സായ ജിബിയാണ് ജിജുതോമസിന്റെ ഭാര്യ. സംസ്ക്കാരം നാളെ (ബുധൻ) അടുതല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഗൾഫിലായിരുന്ന സിഞ്ചു കെ.നൈനാൻ ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: നിഷാ വർഗീസ് കുണ്ടറയിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്. മകൾ: അഭിയ.
വിദേശത്തുള്ള ബന്ധുക്കൾ നാട്ടിലെത്തിയശേഷം സിഞ്ചുവിന്റെ മൃതദേഹം മണ്ണൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.