തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ പൊങ്കാലയുടെ വരവറിയിച്ച് നഗരത്തിന്റെ വിവിധയിടങ്ങളിൽ കലങ്ങൾ വിൽപ്പനയ്ക്കായി നിരന്നുതുടങ്ങി. കിഴക്കേകോട്ട, അട്ടക്കുളങ്ങര, ബൈപാസ്, ചാല ബോയ്സ് സ്കൂൾ, ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴികൾ എന്നിവിടങ്ങളിലാണ് കലങ്ങളുടെ വിൽപ്പന. 30 മുതൽ 100 രൂപ വരെയുള്ള കലങ്ങളാണ് പ്രധാനമായും വിൽപ്പനയ്ക്കുള്ളത്. വിൽപ്പന ഇപ്പോഴേ തുടങ്ങിയെങ്കിലും പൊങ്കാല ദിവസം അടുക്കുന്നതോടെയാണ് കച്ചവടം കൂടുന്നത്.
ഒരു കിലോ അരിവരെ പൊങ്കാലയിടാനാകുന്ന കലങ്ങൾക്ക് 90 രൂപ മുതൽ വിലയുണ്ട്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ, തക്കല ചുങ്ങാങ്കട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കലങ്ങൾ കൂടുതലായി എത്തിക്കുന്നത്. സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ ഇടം പിടിച്ചതോടെ മൺകലങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പൊങ്കാലയ്ക്കായാണ് എത്തിച്ചതെങ്കിലും വീട്ടാവശ്യങ്ങൾക്കായി കലങ്ങൾ വാങ്ങുന്നവരും കുറവല്ല. പൊങ്കാലയ്ക്ക് മുമ്പേ കലങ്ങൾ വിറ്റുപോകാത്ത സ്ഥിതിയുണ്ടായാൽ പിന്നീട് തിരികെ കൊണ്ടുപോകുകയോ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയോ ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് വിൽപ്പനക്കാർ പറയുന്നു.
പൊങ്കാല ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പൊങ്കാല അടുപ്പ് കൂട്ടാനുള്ള ചെങ്കല്ല് നഗരത്തിലെത്തിയിട്ടില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ നേരത്തെ വിലയിരുത്തിയിരുന്നു. എല്ലാത്തവണത്തേയും പോലെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുക. ഒന്ന് മുതൽ എട്ട് വരെ 760 പൊലീസുകാരെ സുരക്ഷാ ചുമതലകൾക്കു നിയോഗിക്കും. 3500 പൊലീസുകാരാണ് പൊങ്കാലദിനം മാത്രം സുരക്ഷയൊരുക്കുക. 2000 വനിതാ പൊലീസുകാർക്കാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാച്ചുമതല. മോഷണം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. ബൈക്ക് പട്രോളിംഗ് സംഘങ്ങളുമുണ്ടാകും. സി.സി ടിവി കാമറകൾക്ക് പുറമേ ഡ്രോൺ കാമറകൾ വഴിയും നിരീക്ഷിക്കും. കിള്ളിപ്പാലം പി.ആർ.എസ് ജംഗ്ഷനിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ പാതയാക്കും.
മുന്നൂറിലധികം ബസുകൾ
മുന്നൂറിലധികം കെ.എസ്.ആർ.ടി.സി ബസുകളാണ് ഇത്തവണ സർവീസ് നടത്തുക. ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ തന്നെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് വേണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈയാഴ്ച ഉണ്ടായേക്കും. ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസും ഉണ്ടാകും. ഒമ്പത് പ്രത്യേക ട്രെയിനുകളും സർവീസുകൾ നടത്തും. പൊങ്കാല ദിവസം കൂടുതൽ സ്റ്റോപ്പുകളും അനുവദിക്കും.
ഉച്ചഭാഷിണി നിയന്ത്രിക്കും
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചഭാഷിണിക്ക് നിയന്ത്രണമേർപ്പെടുത്തും. ഇതിനായി പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുൾപ്പെട്ട സ്ക്വാഡുകളെ നിയോഗിക്കും. അനുമതിയില്ലാതെയും നിശ്ചിത ശബ്ദത്തിൽ കൂടുതലായും ഉപയോഗിച്ചാൽ ഉച്ചഭാഷിണികൾ പിടിച്ചെടുക്കും.
വൈദ്യസഹായം അരികെ
പൊങ്കാലയ്ക്ക് എത്തുന്നവർക്ക് അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കൽ ടീമിനെ സജ്ജമാക്കും. ആംബുലൻസുകളും പരിസരത്തുണ്ടാവും. ഫയർഫോഴ്സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാരെയും പരിശീലിപ്പിക്കും.
ശുചീകരണം അതിവേഗം
പൊങ്കാലയ്ക്ക് പിന്നാലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 2250 ജീവനക്കാരെ നഗരസഭ നിയോഗിക്കും. 60 ടിപ്പർ ലോറികൾ കൂടി ശുചീകരണത്തിനായി വാടകയ്ക്ക് എടുക്കും. കുടിവെള്ളത്തിനായി 1270 ടാപ്പുകൾ വാട്ടർ അതോറിട്ടി സ്ഥാപിക്കും. അഗ്നിശമന സേനയുടെ വാട്ടർ ടാങ്കുകളും ഉപയോഗിക്കും. ഭക്തർക്കായി 300 ബയോടോയ്ലെറ്റുകളും സജ്ജമാക്കും.