തിരുവനന്തപുരം: പ്രതിഷേധവുമായി വന്ന് സെക്രട്ടേറിയറ്റ് നടയിൽ പന്തൽ കെട്ടി താമസിക്കുന്ന സമരക്കാരെക്കൊണ്ട് പൊറുതി മുട്ടിയെന്ന് പൊലീസ്. പന്തൽ പൊളിച്ചാലും സമരം തുടരുമെന്ന് സമരക്കാർ. ഇരുകൂട്ടരും നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ തലസ്ഥാനത്തെ ഏറ്രവും പ്രധാനപ്പെട്ട മേഖലയായ സെക്രട്ടേറിയറ്റ് പരിസരം സംഘർഷ ഭീതിയിൽ. രണ്ട് ദിവസത്തിനകം സെക്രട്ടേറിയറ്രിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവർക്കും പന്തലുടമകൾക്കും കഴിഞ്ഞ ദിവസമാണ് കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകിയത്.
വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് വാളയാർ കിഡ്സ് ഫോറം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹിൻബാഗിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എവേക്ക് സംഘടന നടത്തുന്ന സമരം എന്നിവയുടെ പന്തലുകളാണ് പൊളിക്കേണ്ടി വരിക. വാളയാർ സമരം മൂന്നാഴ്ചയും ഷഹിൻബാഗ് ഐക്യദാർഢ്യ സമരം രണ്ടാഴ്ചയും പിന്നട്ടതോടെയാണ് അങ്കലാപ്പിലായ പൊലീസ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്. പന്തൽ പൊളിച്ചാൽ വെയിലത്തിരുന്ന് സമരം ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഇനി അതുണ്ടാക്കുന്ന പുകിലോർത്താണ് പൊലീസിന് ആശങ്ക.
സെക്രട്ടേറിയറ്റിൽ സൗത്ത് ഗേറ്റിൽ നിന്ന് വടക്കോട്ട് നടന്നാൽ സമരക്കാരുടെ വേലിയേറ്റമാണ്.
സഹോദരന്റെ കസ്റ്റഡിമരണത്തിൽ നീതിതേടി രണ്ട് വർഷമായി സമരം നടത്തുന്ന ശ്രീജിത്തിനെപ്പോലുള്ളവരും ഇതിലുൾപ്പെടും. ഇതിന് പുറമേയാണ് ദിവസവും സർക്കാരിനോട് പ്രതിഷേധിച്ച് മാർച്ച് നടത്തി നോർത്ത് ഗേറ്റിലെത്തുന്നവർ. അവർ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി, പ്രസംഗിച്ച് മടങ്ങിപ്പോകും. ചിലർ സംഘർഷമുണ്ടാക്കി ജലപീരങ്കിയിൽ കുളിച്ച് മടങ്ങും. മറ്റ് ചിലർ ലാത്തിയടിയും വാങ്ങും. ഇതെല്ലാമുണ്ടാക്കുന്ന സുരക്ഷാപ്രശ്നങ്ങളാണ് പൊലീസിനെ അലട്ടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ള വി.വി.ഐ.പികളുടെ ഒാഫീസുകൾ സെക്രട്ടേറിയറ്രിലാണ്. ഇതിന് പുറമേ ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമുൾപ്പെടെ അയ്യായിരത്തോളം ജീവനക്കാർ. ഇവരെയെല്ലാം കാണാൻ ദിവസവും കാൽലക്ഷത്തിലധികം പേരാണ് ഇവിടെ വന്നുപോകുന്നത്. ഇതുണ്ടാക്കുന്ന തിരക്ക് വേറെ. സമരക്കാരുടെ ഇടയിലേക്കാണ് സിറ്റി സർവീസ് നടത്തുന്ന ബസുകൾ ആളെ ഇറക്കിയും കയറ്റിയും പോകുന്നത്. ഇതിനും പുറമേ വാഹനത്തിരക്ക് വേറെ.
പൊലീസ് പറയുന്നത്...
സമരങ്ങൾ പാടില്ലെന്നല്ല പൊലീസിന്റെ അഭിപ്രായം. ദിവസങ്ങളോളം നീളുന്ന സമരങ്ങൾ സുരക്ഷയെ ബാധിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 ദിവസത്തിലധികം പന്തലിട്ട് ഒരു സമരവും തുടരാൻ അനുവദിച്ചിട്ടില്ല. നാളുകളായി പന്തലുകെട്ടിയുള്ള സമരങ്ങളെ മാത്രമാണ് എതിർക്കുന്നത്.
സമരങ്ങളും
സുരക്ഷാ ഭീഷണിയും
അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെട്ടതാണ് സെക്രട്ടേറിയറ്റ് പരിസരം. മതിൽക്കെട്ടിന് വെളിയിലാണെങ്കിലും സമരങ്ങൾ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് ചോർച്ചയിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ കെ.എസ്.യു നേതാവ് ശില്പ ഉൾപ്പെടെയുള്ളവർ മതിൽക്കെട്ട് ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമെത്തിയ സംഭവത്തോടെ സെക്രട്ടേറിയറ്റിലെ സുരക്ഷ കൂട്ടിയിരുന്നു. ഇതോടെയാണ് സമരക്കാർക്കെതിരെ പൊലീസ് നടപടികൾ ശക്തിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയതും ഫെബ്രുവരിയിൽ
കഴിഞ്ഞ വർഷം ഫെബ്രുവരി 19ന് രാത്രി 11.30നാണ് പൊലീസിന്റെ സഹായത്തോടെ നഗരസഭ സമരപ്പന്തലുകൾ പൊളിച്ചുനീക്കിയത്. എട്ടോളം പന്തലുകളാണ് അന്ന് പൊളിച്ചുനീക്കിയത്. ശ്രീജിത്ത്, അരിപ്പ ഭൂസമര സമിതി, കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരുടെ സമരപ്പന്തൽ തുടങ്ങിയവയാണ് നീക്കം ചെയ്തത്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള വൃത്തിയാക്കലിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു അധികൃതരുടെ വാദം. സാധനങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സമരക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷവും നടന്നു.
നോട്ടീസ് നൽകിയെങ്കിലും സമരക്കാർ മറുപടി നൽകിയിട്ടില്ല. കോർപറേഷനുമായി ആലോചിച്ച് പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കോർപറേഷനാണ് സമരപ്പന്തലുകൾ പൊളിച്ചുനീക്കേണ്ടത്. പന്തലുകൾ കെട്ടാൻ കോർപറേഷനിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. രണ്ട് സമരക്കാരും അനുമതി വാങ്ങിയിട്ടില്ല. എം. അനിൽകുമാർ സി.ഐ, (കന്റോൺമെന്റ് പൊലീസ്)
സമരം അവസാനിപ്പിക്കില്ല, പന്തലില്ലാതെ തെരുവിലിരുന്നായാലും സമരം തുടരും. നീതിയില്ലാതെ മടക്കമില്ലെന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. മുഖ്യമന്ത്രിക്കാണോ ഈ നാട്ടിലെ ജനങ്ങൾക്കാണോ സുരക്ഷ വേണ്ടതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. വാളയാർ കിഡ്സ് ഫോറം സമരസമിതി
പൊലീസ് പന്തൽ പൊളിച്ചോട്ടെ. എതിർക്കില്ല. പന്തലില്ലാതെ സമരം തുടരും. പെൺകുട്ടികളും അമ്മമാരും 24 മണിക്കൂറും സമരം ചെയ്യുന്ന ഇടമാണിത്.
ഷഹിൻബാഗ് ഐക്യദാർഢ്യ സമരസമിതി