തിരുവനന്തപുരം: നാലുവർഷം മുമ്പ് പ്രഖ്യാപിച്ച കിഴക്കകോട്ട ബസ് സ്റ്റാൻഡ് വികസനം അനന്തമായി നീളുന്നു. 2016ൽ കിഴക്കേകോട്ടയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് ബസ് സ്റ്റാൻഡ് വികസിപ്പിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. 16 അനധികൃത കച്ചവടക്കാരാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ പദ്ധതിയുടെ ഭാഗമായുള്ള ഒഴിപ്പിക്കലും ബസ് സ്റ്റാൻഡ് വികസനവും നടന്നില്ലെന്ന് മാത്രമല്ല, അനധികൃത കച്ചവടക്കാരുടെ എണ്ണം 20 ആയി കൂടുകയും ചെയ്തു. കിഴക്കേകോട്ട നോർത്ത് ബസ് സ്റ്റാൻഡിനും കോട്ട മതിലിനുമിടയിലെ കച്ചവടക്കാരെ അവിടെ നിന്നു മാറ്റി മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കുന്നതായിരുന്നു പദ്ധതി.
കിഴക്കേകോട്ടയിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്ഥാപനങ്ങൾ നിർമ്മിക്കുന്ന പദ്ധതി ഉന്നതതല യോഗ തീരുമാനപ്രകാരം അതേ വർഷം ഫെബ്രുവരിയിൽ തയ്യാറാക്കിയിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മെല്ലെപ്പോക്കിലായി. കച്ചവടക്കാരുടെ എണ്ണം കൂടിയതോടെ പദ്ധതിയും എങ്ങുമെത്താതായി. സംരക്ഷിത സ്മാരകമായ കോട്ടയെ സംരക്ഷിക്കുന്നതോടൊപ്പം ബസ് സ്റ്റാൻഡിന് കൂടുതൽ സ്ഥലം ലഭ്യമാക്കി കിഴക്കേകോട്ട വികസനം സാദ്ധ്യമാക്കാനാണ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ന് ശരിയാക്കും നാളെ ശരിയാക്കുമെന്ന് കഴിഞ്ഞ അഞ്ചു വർഷമായി പറയുന്നതല്ലാതെ ജില്ലാ ഭരണകൂടമോ നഗരസഭയോ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
കൈയേറ്റ ഭൂമിയിൽ നിന്നു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കൊണ്ടുവന്ന തീരുമാനങ്ങൾ അട്ടിമറിക്കുന്നതിന് കാരണം രാഷ്ട്രീയ ഇടപെടലാണെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. പുതിയ കേന്ദ്രങ്ങളിലേക്ക് പോയാൽ ബസ് സ്റ്റാൻഡിനടുത്ത് കിട്ടുന്നതുപോലെ കച്ചവടം ലഭിക്കുമോ എന്ന ആശങ്ക കച്ചവടക്കാർക്കുമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 72.250 സെന്റ് ഭൂമിയിലാണ് അനധികൃതമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 2018 ഡിസംബറിലെ കണക്കുപ്രകാരം മണക്കാട് വില്ലേജിൽ സർവേ നമ്പർ 1/1ൽ 15.456 സെന്റ് സ്ഥലത്തും വഞ്ചിയൂർ വില്ലേജിൽ സർവേ നമ്പർ 659ൽ 8.503 സെന്റ് സ്ഥലത്തുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
2018 ഡിസംബറിലെ കണക്കനുസരിച്ച് പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്ത കച്ചവട സ്ഥാപനങ്ങൾ 20 എണ്ണമാണ്. 2017 മാർച്ചിൽ റവന്യൂ വകുപ്പിന്റെ കണക്കനുസരിച്ച് 16 വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. അതായത് ഒഴിപ്പിക്കാൻ തീരുമാനിച്ച ശേഷം നാല് സ്ഥാപനങ്ങൾ വർദ്ധിച്ചു. കേരള ഭൂസംരക്ഷണ നിയമം 1958 പ്രകാരമാണ് കൈയേറ്റമൊഴിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരുന്നത്. ഒഴിപ്പിക്കലിനായി അനധികൃത സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ 2017ഏപ്രിൽ 15ന് നോട്ടീസ് നൽകിയിരുന്നു. പാട്ടത്തിനെടുത്തയാൾ മരണപ്പെട്ടു കഴിഞ്ഞാലും അതേ വസ്തുവിലെ സ്ഥാപനം അനന്തരാവകാശി ഉപയോഗിക്കുന്നതായും റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.
വർഷം പലത്, ഉത്തരം ഒന്ന്
കിഴക്കേകോട്ടയിലെ അനധികൃത കൈയേറ്റത്തെക്കുറിച്ച് നിയമസഭയിൽ പലവട്ടം ചോദ്യം ഉയർന്നതാണ്. കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ?, നടപടി എന്തായി എന്നൊക്കെയുളള്ള ചോദ്യങ്ങൾക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി ഇങ്ങനെ :
'' കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുള്ള നടപടി സ്വീകരിച്ചു വരുന്നു. ഒഴിപ്പിക്കൽ നടപടി പ്രാവർത്തികമാണ് "". ഈ വിഷയം പലവട്ടം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന സി. മമ്മൂട്ടി കഴിഞ്ഞ ഫെബ്രുവരി ആറിനും ചോദ്യം ഉന്നയിച്ചു.
ചോദ്യം :
ഈ സ്ഥലം പൂർണമായി കൈയേറ്റ വിമുക്തമാക്കാൻ വകുപ്പ് മേധാവികളും ഭരണനേതൃത്വവും താത്പര്യം കാട്ടുന്നില്ലെന്ന ആക്ഷേപത്തിൽ നിലപാട് വ്യക്തമാക്കാമോ?
ഉത്തരം :
കിഴക്കേകോട്ടയിലെ സംരക്ഷണമതിലിനു ചുറ്റുമുള്ള കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 72.250 സെന്റ് ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകിയവരിൽ നീണ്ടകാലയളവിലായി കുത്തകപാട്ട പ്രകാരം തുക അടച്ച് ഭൂമി കൈവശംവച്ച് വരുന്നവർ ഉൾപ്പെടുന്നു. പ്രസ്തുത പാട്ടങ്ങൾ റദ്ദാക്കിയിരുന്നെങ്കിലും നീണ്ട കാലയളവിലായി പാട്ടം അടച്ച് വന്നിരുന്നതും ടി സ്ഥലം ഉപജീവനമാർഗത്തിന്റെ ഭാഗമായി കച്ചവടത്തിനായി ഉപയോഗിച്ചുവരുന്നതുമായ പ്രത്യേകത കൂടി കണക്കിലെടുത്താണ് 20 ചെറുകിട കച്ചവടക്കാരെ മാനുഷിക പരിഗണന നൽകി പുനരധിവസിപ്പിക്കുന്നതിന് തീരുമാനമെടുത്തത്. ഇതിനായുള്ള പുനരധിവാസ നടപടികൾ അന്തിമഘട്ടത്തിലാണ്. നടപടികൾ പൂർത്തിയായാൽ കൈയേറ്റം ഒഴിപ്പിക്കുന്നത് പൂർത്തിയാക്കാൻ കഴിയും.