പോത്തൻകോട് : കഠിനമായ വേനൽ ചൂടിൽ ഒരിറ്റ് വെള്ളമില്ലാതെ വറ്റിവരണ്ട് തണ്ടുകൾ വാടിക്കിടന്ന പാട്ടുവിളാകം പാടശേഖരം ഇനി കതിരിടും. പാടശേഖരത്തിന് സമീപത്തെ ചിറയിൽ നിന്ന് ആവശ്യത്തിന് വെള്ളം പമ്പ് ചെയ്ത് പാടശേഖരത്തിൽ എത്തിക്കാൻ നഗരസഭ അനുമതി നൽകിയതാണ് കർഷകർക്ക് ആശ്വാസമായത്. കൃഷിയിടത്തിന് സമീപത്തെ തെറ്റിയാർ തോട് വേനൽ ചൂട് ആരംഭിച്ചതോടെ വറ്റിവരണ്ടിരുന്നു. അതോടെ നെൽകൃഷിചെയ്തിരുന്ന പാടം വിണ്ടുകീറി നാമ്പിടാറായ നെൽച്ചെടികൾ കൂട്ടത്തോടെ പാടത്ത് ചാഞ്ഞതോടെ നിൽക്കക്കള്ളിയില്ലാതായ കർഷകർ വി.കെ.പ്രശാന്ത് എം.എം.എയെ സമീപിക്കുകയായിരുന്നു. പ്രശാന്തിന്റെ ശ്രമഫലമായാണ് നഗരസഭയുടെ അധീനതയിലുള്ള ചിറയിൽ നിന്ന് വെള്ളമെത്തിക്കാൻ വഴിതുറന്നത്.
വർഷങ്ങളായി തരിശായി കിടന്ന പാട്ടുവിളാകം ഏലായിൽ ഈ അടുത്തകാലത്താണ് നെൽകൃഷി പുനരാരംഭിച്ചത്. ആദ്യഘട്ടമായി നാല് ഏക്കറിലാണ് നെൽകൃഷി തുടങ്ങിയത്. കടുത്ത വേനൽ കാരണം പാടത്തിനോട് ചേർന്ന് ഒഴുകുന്ന തെറ്റിയാറിന്റെ കൈവഴിയും പാടശേഖരത്തിന്റെ മറുഭാഗത്തുള്ള പെരുംചിറയിൽ നിന്നു ആരംഭിക്കുന്ന കൈത്തോടും വറ്റി വരണ്ടതിനാൽ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയിലായിരുന്നു.
ഇതേത്തുടർന്നാണ് നീന്തൽ പരിശീലനത്തിനായി ഒരുക്കുന്ന നിർമ്മാണപ്രവൃത്തികൾ നടന്നുവന്നിരുന്ന ചിറയിൽ നിന്നു വെള്ളം പമ്പ് ചെയ്തു പാടത്തേക്കു എത്തിക്കാൻ നഗരസഭ അനുമതി നൽകിയത്. വർഷങ്ങളായി ഉപയോഗമില്ലാതെ കാടുകയറി കിടന്ന കൈത്തോട് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് നിർവഹിച്ചു. കാര്യവട്ടം ഗവ. എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് പ്രവർത്തകരും കൗൺസിലർ ബിന്ദുവിന്റെ നേതൃത്വത്തിലുള്ള കർഷകരും കഴക്കൂട്ടം കൃഷി ഭവൻ ഉദ്യോഗസ്ഥരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.