zoo

തിരുവനന്തപുരം: വേനൽ കടുത്തതോടെ മൃഗശാലയിലെ പക്ഷി, മൃഗാദികളുടെ ഭക്ഷണ മെനുവിലും മാറ്റം വരുത്തി. ചൂടിൽ നിന്ന് രക്ഷനേടാനുള്ള ആഹാര ക്രമമാണ് ഏർപ്പെടുത്തിയത്. മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്ന് അങ്ങനെ ചിക്കൻ തത്കാലം ഔട്ടായി. പകരം പോത്ത്, ബീഫ് എന്നിവ ഇടംപിടിച്ചു. ഒരു ദിവസം 94 കിലോ മാംസമാണ് നോൺ വെജ് 'അന്തേവാസികൾ'ക്കായി വാങ്ങുന്നത്. മീനിന്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. 61 കിലോ ദിവസേന വാങ്ങും. സിംഹം, കടുവ, പുലി എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാല് കിലോ മാംസം വേണ്ടി വരും. കൂട്ടിലെ ഷവറിനു കീഴിലെ കുളിക്കുശേഷമാണ് ഭക്ഷണം.

d-sa
പച്ചക്കറി തിന്നാൻ പച്ചപനംതത്ത: മയിലിന്റെ കൂട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയ തത്തകൾ.

വെജ്കാർക്ക് കുശാൽ

വേനലായതോടെ മൃഗങ്ങളുടേയും പക്ഷികളുടേയും ശരീരത്തിലെ താപനില ക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. പ്രത്യേകിച്ച് പക്ഷികൾക്ക്. കാബേജ്, കാരറ്റ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിൽ ഉൾപ്പെടുത്തി.

ഫ്രീസറിൽ വച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ചൂട് കൂടിയതോടെ തണ്ണിമത്തന്റെ അളവ് കൂട്ടിയിട്ടുണ്ട്. 21 കിലോ തണ്ണിമത്തനാണ് ഒരു ദിവസം വാങ്ങുന്നത്. പപ്പായ, മുന്തിരി, ആപ്പിൾ, ഓറഞ്ച് എന്നിവയെല്ലാം ചേർന്ന 'ഫ്രൂട്ട് സലാഡും' പക്ഷികൾക്കടക്കം നൽകുന്നുണ്ട്. പക്ഷികൾക്കായി പ്രത്യേക മിനറൽ മിസ്ച്ചറുമുണ്ട്. മൃഗശാലയിൽ ഏറ്റവുമധികം വാങ്ങുന്നത് തീറ്റ പുല്ലാണ്. 1400 കിലോ പുല്ലാണ് ഒരു ദിവസം വേണ്ടത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് കരാറുകാർ പുല്ലും പ്ലാവിലയും എത്തിക്കുന്നത്. 335 കിലോ കാലിത്തീറ്റയും മൃഗശാലയിൽ എത്തിക്കുന്നു. പാൽ, തവിട്, കൂവരക്, ഗിനിപ്പുല്ല് എന്നിവയ്ക്കും മൃഗശാലയിൽ ആവശ്യക്കാരുണ്ട്.

ds

''

വ്യത്യസ്ത കാലാവസ്ഥകളിൽ ജീവിക്കുന്ന മൃഗങ്ങളുടെ ഭക്ഷണ രീതി നിരീക്ഷിച്ച ശേഷം പരമാവധി വിഭവങ്ങൾ നൽകും. ഇതിലൂടെ മൃഗങ്ങളുടെ സ്വാഭാവികമായ പെരുമാറ്റ രീതി മൃഗശാലയിൽ എത്തുന്നവർക്കുകൂടി അനുഭവിക്കാൻ കഴിയും. വെറും പ്രദർശനമെന്നതിലുപരി ഇവയെ പഠിക്കാനുള്ള താത്പര്യം കൂടി ഉണ്ടാകണമെന്നാണ് മൃഗശാലയിൽ എത്തുന്നവരോടുള്ള അഭ്യർത്ഥന.

ടി.വി അനിൽകുമാർ, മൃഗശാലാ സൂപ്രണ്ട്