സിദ്ധാർത്ഥ് അമ്പരപ്പോടെ മഹിമാമണിയെ നോക്കി.
''അമ്മേ..."
ചലിച്ചില്ല മഹിമാമണി. മരവിച്ചതുപോലെ ഒറ്റയിരിപ്പാണ്.
''അമ്മേ... " കൈനീട്ടി അവൻ അവരുടെ തോളിൽ പിടിച്ചു.
''ങ്‌ഹേ?" സ്വപ്നം കണ്ടു ഞെട്ടുന്നതുപോലെ മഹിമാമണിയുടെ കണ്ണുകൾ പിടഞ്ഞു. ചകിത ഭാവത്തിൽ അവർ സിദ്ധാർത്ഥിന്റെ മുഖത്തേക്കു ദൃഷ്ടികളൂന്നി.
''അമ്മയ്ക്ക് എന്തുപറ്റി?"
മഹിമാമണിയുടെ സ്വരം പതറി.
''ഈ ഷാജി ചെങ്ങറയും അവന്റപ്പനുമൊക്കെ എങ്ങനെയുള്ള ആളുകളാണെന്ന് നിനക്കറിയാമോടാ? മൃഗങ്ങളാ. തനി കാട്ടുമൃഗങ്ങൾ..."
അവരുടെ ശബ്ദത്തിൽ ഭീതി നിഴലിച്ചു.
''അമ്മയ്ക്ക് അവരെ എങ്ങനെ അറിയാം?"
''എന്റെ കുട്ടിക്കാലത്ത് ഞാൻ ചെങ്ങറയിലെ അമ്മാവന്റെ വീട്ടിലല്ലായിരുന്നോ? അന്നേ കേട്ടിട്ടുണ്ട്. ഒരിക്കൽ അയൽക്കാരന്റെ പശു കയറി വാഴ തിന്നെന്നും പറഞ്ഞ് പരസ്യമായി അതിനെ വെട്ടിക്കൊന്നവനാ ഷാജിയുടെ തന്ത ചെങ്ങറ വാസു."
അത് കേട്ട് സിദ്ധാർത്ഥിനു ചിരി വന്നു.
''അമ്മേ... അതൊക്കെ അന്നത്തെ കാലത്ത് നടക്കുമായിരുന്നു. ഇപ്പഴാണെങ്കിൽ പിള്ളേരു കേറി വാസുവിനെ പൂളിയേനെ."
മഹിമാമണി തല കുടഞ്ഞു.
''കാര്യമൊക്കെ ശരിയാടാ. എന്നാലും നീ ഷാജിയോട് അങ്ങനൊന്നും പറയരുതായിരുന്നു..."
''പറഞ്ഞുപോയില്ലേ..." ഭക്ഷണം മതിയാക്കി സിദ്ധാർത്ഥ് വിരലുകൾ ഒന്നു നക്കി.
''നീ സൂക്ഷിക്കണം മോനേ... അമ്മയ്ക്ക് നീ മാത്രമേയുള്ളു."
''എനിക്കു പിന്നെ ഒത്തിരി ബന്ധുക്കളുണ്ടല്ലോ... പത്ത് അമ്മാച്ചന്മാരും ഇരുപത് ചെറിയച്ഛന്മാരും അവരുടെ മക്കളുമെല്ലാം..."
സിദ്ധാർത്ഥ് കാര്യം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. പിന്നെ അവൻ എഴുന്നേറ്റ് കൈ കഴുകി.
മഹിമാമണി പക്ഷേ ബാക്കി കഴിച്ചില്ല.
മകൻ കഴിച്ച പാത്രം കൂടി എടുത്തുകൊണ്ട് എഴുന്നേറ്റു.
ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല സിദ്ധാർത്ഥിന്.
കണ്ണടയ്ക്കുമ്പോൾ നിസ്സഹായയും നിരാലംബയുമായ ഒരു യുവതിയുടെ മുഖം മനസ്സിലേക്ക് കടന്നുവരും.
ധൈര്യവതിയാണവൾ. എന്തിനെയും നേരിടാനുള്ള കരുത്താർജ്ജിച്ചവൾ. പക്ഷേ ആനക്കാരനായ, അവളുടെ കിടപ്പിലായ അച്ഛൻ. സാധുവായ അമ്മ... അവളെ കടിച്ചു കുടയുവാൻ വെമ്പിനിൽക്കുന്ന ഷാജി ചെങ്ങറയെന്ന കടൽക്കഴുകൻ!
എത്രകാലം ചെറുത്തുനിൽക്കുവാൻ കഴിയും അവൾക്ക്? നിത്യച്ചിലവിന് അവൾ എവിടെ പണിയെടുക്കും? എവിടെപ്പോയാലും ഷാജി അത് മുടക്കും എന്ന കാര്യത്തിൽ സംശയമില്ല.
അങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് എപ്പോഴോ സിദ്ധാർത്ഥ് ഒന്നു മയങ്ങി.
മഹിമാമണിയമ്മ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്.
വെളിച്ചമടിച്ച് കണ്ണുകൾ പുളിച്ചു.
ജനാലയിലൂടെ വെയിൽ അകത്തേക്ക് അരിച്ചിറങ്ങുന്നു.
സിദ്ധാർത്ഥ് സെൽഫോൺ എടുത്ത് സമയം നോക്കി.
എട്ടുമണി.
''ശ്ശോ..." അവൻ പെട്ടെന്നെഴുന്നേറ്റു. ''അമ്മ എന്താ വിളിക്കാഞ്ഞത്?"
''ഞാൻ വന്നു നോക്കിയപ്പോൾ നീ നല്ല ഉറക്കം. ''മഹിമാമണി മകന് ചൂടുള്ള സുലൈമാനി കൊടുത്തു. ''ഇന്നലെ രാത്രി മുഴുവൻ ആ പെണ്ണിനെ ഓർത്തോണ്ടു കിടന്നതല്ലേ.. നല്ല സ്വപ്നം കണ്ടോട്ടേന്നു ഞാനും കരുതി."
അവർ കുസൃതിയിൽ ചിരിച്ചു.
''അമ്മേ..." സിദ്ധാർത്ഥ് കുട്ടിയെപ്പോലെ ഒന്നു ചിണുങ്ങി.
''പോടാ പോത്തേ... ഈ പ്രായം കഴിഞ്ഞല്ലേടാ ഞാനും ഇതുവരെയെത്തിയത്?"
''അയ്യോ നമിച്ചിരിക്കുന്നു."
വിളറിയ ഭാവത്തോടെ അവൻ മഹിമാമണിയുടെ മുന്നിൽ നിന്നു മാറി.
സമയം എട്ടര.
സിദ്ധാർത്ഥ് ഓട്ടത്തിനു പോകുവാൻ കറുത്ത പാന്റും കാക്കി ഷർട്ടും ധരിച്ചുവന്നപ്പോൾ മുന്നിൽ ആവി പറക്കുന്ന ചേമ്പിൻ പുഴുക്കും കാന്താരിയുടച്ചതും.
''ഞാൻ ഇത് മാത്രമായിട്ടങ്ങ് പുഴുങ്ങി." മഹിമാമണി കാന്താരി ഉടച്ചതിലേക്ക് അല്പം പച്ചവെളിച്ചെണ്ണ കൂടി ഇറ്റിച്ചു കൊടുത്തു. പിന്നെ ഒരു ഗ്ളാസ് ചായയും കൊണ്ടുവച്ചു.
സിദ്ധാർത്ഥ് വേഗത്തിൽ കഴിച്ചുതീർത്തു. കൈ കഴുകിയിട്ട് അമ്മയുടെ തോളിൽ കിടന്നിരുന്ന തോർത്തിൽ തുടച്ചു.
''സമയം പോയി. ഞാനെറങ്ങുവാ." അവൻ തിരിഞ്ഞു.
'' ആ പെണ്ണിന്റെ ഫോൺ കൊണ്ടുപോയി കൊടുക്കണ്ടേടാ?"
പെട്ടെന്നായിരുന്നു മഹിമാമണിയുടെ ചോദ്യം.
''ഓ. ഞാനത് മറന്നു."
അവൻ വീണ്ടും മുറിയിൽ കയറി മാളവികയുടെ ഫോൺ എടുത്തു.
''പിന്നേ... ഫോൺ കൊടുക്കുമ്പം ആ കൊച്ചിനോട് ഞാൻ തിരക്കിയെന്നു പറഞ്ഞേക്കണം."
അമ്മ പറഞ്ഞപ്പോൾ സിദ്ധാർത്ഥിന്റെ നെറ്റി ചുളിഞ്ഞു.
''അതെന്തിനാ? അമ്മയെ അവൾക്ക് അറിയില്ലല്ലോ..."
''ഇനി അറിയേണ്ടതല്ലേ..."
പറഞ്ഞതും അവർ തിരിഞ്ഞ് ഒറ്റ നടത്തം.
ഒരു നിമിഷം അങ്ങനെതന്നെ നിന്നു സിദ്ധാർത്ഥ്. പിന്നീടേ അവന് അമ്മ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയുള്ളു. അവന്റെ മനസ്സിലപ്പോൾ അനിർവചനീയമായ ഒരാനന്ദം തഴുകിപ്പോയി. ഇളം കാറ്റുപോലെ...
സമയം കിട്ടുമ്പോൾ ഫോൺ കൊണ്ടുപോയി മടക്കികൊടുക്കാം എന്നു കരുതിക്കൊണ്ട് സിദ്ധാർത്ഥ് സ്റ്റാന്റിലെത്തി.
മിക്കവരും ഉണ്ടായിരുന്നു അവിടെ. അവനും അവർക്കൊപ്പം കൂടി.
''നാളെ പൊതുമരാമത്ത് മന്ത്രി വരുന്നുണ്ട്." വൈറസ് മാത്യു അവനോടു പറഞ്ഞു.
''എന്തിന്?"
''മുടങ്ങിക്കിടക്കുന്ന റോഡുപണി നോക്കാൻ. മനുഷ്യരുടെ നടുവ് ഒടിയുകയല്ലേ ദിവസവും?"
സിദ്ധാർത്ഥ് മറുപടി പറയും മുൻപ് ഒരു വണ്ടി ബ്രേക്കിടുന്ന ഒച്ച... അതിനൊപ്പം ഒരു നിലവിളിയും...
സകലരും ഞെട്ടിത്തിരിഞ്ഞു.
(തുടരും)