വാരണാസി: മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ലോക്‌സഭ മണ്ഡലമായ വാരണാസി സന്ദർശിക്കാൻ കഴിഞ്ഞ ദിവസം മോദി എത്തിയിരുന്നു. സന്ദർശനത്തിനിടെയാണ് അദ്ദേഹം റിക്ഷാക്കാരനായ മംഗൽ കെവാട്ടിനെ കണ്ടത്.
മംഗൽ കെവാട്ടിന്റെയും കുടുംബത്തിന്റെയും സുഖ വിവരങ്ങൾ അന്വേഷിച്ച പ്രധാനമന്ത്രി, സ്വച്ഛ് ഭാരത് അഭിയാന് അദ്ദേഹം നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗംഗാ തീരം വൃത്തിയാക്കാൻ മംഗൽ കെവാട്ട് ശ്രമിക്കാറുണ്ട്.
സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണ് മംഗൾ കെവാട്ട് മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ക്ഷണക്കത്ത് കൈമാറുകയായിരുന്നു. ശേഷം ഫെബ്രുവരി എട്ടാം തീയതി മോദിയുടെ ആശംസാ കത്ത് മംഗൽ കെവാട്ടിനെയും കുടുംബത്തെയും തേടിയെത്തുകയായിരുന്നു.