ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക സംബന്ധിച്ച് മുംസ്ലീം ലീഗ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗ് നേതൃത്വം ഹർജി ഫയൽ ചെയ്തത്.
നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും, അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനുമാണ് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഉചിതമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളാമെന്നും കോടതി അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾബെഞ്ച് നേരത്തെ തള്ളിയിരുന്നു.