vodafone-

ന്യൂഡൽഹി: സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്രസർക്കാർ പിടിമുറുക്കിയതോടെ ടെലികോം കമ്പനികൾ കുടിശ്ശിക തുക അടച്ചു തുടങ്ങി. ഭീമൻ തുക കുടിശ്ശികയായി അടയ്ക്കുവാനുണ്ടായിട്ടും ടെലികോം കമ്പനികളുടെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് കണ്ണടയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടതോടെ കേന്ദ്ര സർക്കാർ കമ്പനികളുടെ മേൽ പിടിമുറുക്കുകയായിരുന്നു. ഇതോടെ ഭാരതി എയർടെൽ ഇന്നലെ 10,000 കോടി രൂപ തിരിച്ചടച്ചു. ടാറ്റാ ടെലി സർവീസസ് 2,197 കോടിയും നൽകി. അതേസമയം തുക അടയ്ക്കാനുള്ള സാവകാശം നീട്ടുവാനാണ് വൊഡാഫോൺ ഐഡിയ കമ്പനി ശ്രമിച്ചത്. 2,500 കോടി ഉടനെയും 1,000 കോടി ഈയാഴ്ച തന്നെയും അടയ്ക്കാമെന്ന നിർദ്ദേശമാണ് സുപ്രീം കോടതിക്കുമുന്നിൽ കമ്പനി വച്ചത്. എന്നാൽ ഈ നിർദ്ദേശം കോടതി തള്ളിയതോടെ കമ്പനി പ്രതിസന്ധിയിലായിരിക്കുകയാണ്.

വോഡാഫോൺ ഇന്ത്യ വിടുമോ ?
വിദേശ കമ്പനിയായ വോഡാഫോൺ ഇന്ത്യൻ കമ്പിനിയായ ഐഡിയയുമായി ചേർന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇരു കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് പ്രവർത്തന നഷ്ടം കുറയ്ക്കാൻ ഒന്നിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് വോഡാഫോൺ ഐഡിയ കമ്പനിക്ക് ഇപ്പോഴുള്ളത്. ഇതിനുപുറമേ വൻതുക സർക്കാരിലേക്ക് കുടിശ്ശിക കൂടി അടയ്ക്കുന്നതോടെ കമ്പനി കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് കമ്പനിയുടെ അഭിഭാഷകനായ മുകുൾ റോഹ്തഗി പറഞ്ഞു.

കമ്പനി സേവനം അവസാനിപ്പിക്കുന്ന പക്ഷം പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാവും, അമ്പതിനായിരത്തോളം പേർക്ക് വരുമാന നഷ്ടവും സംഭവിക്കും. രാജ്യത്ത് മുപ്പത് കോടിയിൽപ്പരം പേർ വോഡാഫോൺ ഐഡിയ സേവനം ഉപയോഗിക്കുന്നുണ്ട്. ഇവരും മറ്റു സേവനദാതാക്കളെ ആശ്രയിക്കേണ്ടതായി വരും. ഇതു കൂടാതെ രാജ്യത്തെ ടെലികോം മേഖല രണ്ട് കമ്പനികളുടെ കുത്തകയായി വളരുമെന്നും ഭാവിയിൽ അത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കുടിശ്ശിക പിഴ പലിശയുൾപ്പടെ 25000 കോടിക്കടുത്താണ് വോഡാഫോൺ ഐഡിയ സർക്കാരിലേക്ക് അടയ്ക്കാനുള്ളത്. തുക അടയ്ക്കുവാനായി ബാങ്ക് ഗാരണ്ടി ലഭിക്കാത്ത പക്ഷം അടുത്ത പ്രവർത്തി ദിവസം കമ്പനി പൂട്ടിയേക്കാമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേ സൂചിപ്പിച്ചു. കേന്ദ്രം അനുഭാവപൂർവം ഇടപെട്ട് പിഴത്തുക അടവുകളായി അടയ്ക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കണമെന്നും മുകുൾ റോഹ്തഗി ആവശ്യപ്പെട്ടു.