murder-case

കണ്ണൂർ: അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.തയ്യിൽ കൊടുവള്ളി ഹൗസിൽ പ്രണവ് - ശരണ്യ ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11ഓടെ വീട്ടിനടുത്ത് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്.

തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷം കടൽഭിത്തിയിൽ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ് സിറ്റി പൊലീസിൽ പ്രണവ് നൽകിയ പരാതിയിലുള്ളത്. മൂന്നു വർഷം മുൻപ് വിവാഹിതരായ ശരണ്യയും പ്രണവും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നതിനാൽ ഏറെ വൈകിയും ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു. വെളുപ്പിന് മൂന്നു മണിയോടെ ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയിൽ കിടത്തിയുറക്കി ഹാളിൽ ഉറങ്ങാൻ പോയി. രാവിലെയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. പ്രണവിനോട് ചോദിച്ചപ്പോൾ അറിയില്ലെന്നും പൊലീസിൽ പരാതി നൽകാമെന്നും പറഞ്ഞു.

പൊലീസിന്റെ അന്വേഷണത്തിൽ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലർന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.കുട്ടിയെപ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധുക്കൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.