അവർ ആദ്യം കണ്ടത് ഒരു കുഞ്ഞു തെറിച്ച് റോഡിലേക്കു വീഴുന്നതാണ്.
''അയ്യോ..." ഡ്രൈവറന്മാരുടെ തൊണ്ടയിൽ നിന്ന് ഒരു വിലാപസ്വരം പുറത്തുവന്നു.
അടുത്ത നിമിഷം കണ്ടു ഒരു ഇന്നോവ റോഡിൽ വട്ടം തിരിയുന്നതും അതിന്റെ ബോണറ്റിലേക്കു വീണ ഒരു യുവതി റോഡിലേക്കു മറിയുന്നതും...
കാൽനടക്കാരുടെയും ഡ്രൈവറന്മാരുടെയും വിലാപങ്ങൾക്കിടയിൽ ആ യുവതിയുടെ കാലുകളിലൂടെ ഇന്നോവയുടെ മുൻചക്രങ്ങൾ കയറിയിറങ്ങി.
''വാടാ..." വിളിച്ചു പറഞ്ഞുകൊണ്ട് സിദ്ധാർത്ഥ് ആദ്യം ഓടി.
തൊട്ടുപിന്നാലെ മീറ്റർ ചാണ്ടിയും മറ്റുള്ളവരും.
കണ്ടുനിന്നവരൊക്കെ അവിടേക്കു ഇരച്ചടുക്കുകയാണ്.
ഇന്നോവയിൽ ഉണ്ടായിരുന്ന നാലുപേർ പെട്ടെന്നു പുറത്തുചാടി.
രക്ഷപെടുകയാണ് അവരുടെ ലക്ഷ്യമെന്ന് സിദ്ധാർത്ഥിനു മനസ്സിലായി.
''അവന്മാരെ വിടരുത്..." ആരോടെന്നില്ലാതെ അവൻ അലറി.
ജനക്കൂട്ടം അവരെ വളഞ്ഞു.
തെറിച്ചുവീണ കുഞ്ഞിനെ സിദ്ധാർത്ഥ് കൈകളിൽ കോരിയെടുത്തു. അതിന് അനക്കമില്ല... മൂക്കിലൂടെയും വായിലൂടെയും ചോര പതച്ചു ചാടുന്നു.
രണ്ട് വയസ്സിൽ കൂടുതലില്ലാത്ത ഒരു ആൺകുട്ടിയായിരുന്നു അത്.
''ആ പെണ്ണിനെ നോക്കെടാ..." സിദ്ധാർത്ഥിന്റെ ശബ്ദം കേട്ട് ചെമ്പല്ലി സുരേഷും വൈറസ് മാത്യുവും അവൾക്കടുത്തേക്കോടി.
ചോര തീർത്ത വലയത്തിനുള്ളിൽ തല്ലിപ്പിടയുകയാണവൾ...
കാൽ മുട്ടിനു താഴ്‌ഭാഗം ചോരക്കട്ടയായിരുന്നു!
''എന്റെ കുഞ്ഞ് ..." അസഹ്യമായ വേദനയ്ക്കിടയിലും അവൾ നിലവിളിയോടെ ചുറ്റും നോക്കി.
ഏറിയാൽ ഇരുപത്തിരണ്ട് വയസ്സുവരുന്ന ഒരു യുവതി.
അവിടെ നിന്നിരുന്ന സ്ത്രീകളുടെ കൂടി സഹായത്തോടെ വൈറസ് മാത്യു അവളെ കാറിനരുകിൽ നിന്നു മാറ്റി.
ചെമ്പല്ലി സുരേഷ് വേഗം ഓട്ടോ കൊണ്ടുവന്നു. യുവതിയെ അതിൽ കയറ്റി. ഒരു സ്ത്രീയും കൂടെ കയറി.
''ആ കുഞ്ഞിനെ ഈ ചേച്ചീടെ കയ്യിലോട്ട് കൊടുക്ക് സിദ്ധാർത്ഥേ. എന്നിട്ട് വണ്ടിയിടിച്ചോന്മാര് പോകാതെ നോക്കിക്കോ..."
സുരേഷ് പറഞ്ഞു.
ഓട്ടോയിൽ കയറിയ സ്ത്രീയുടെ കയ്യിലേക്ക് സിദ്ധാർത്ഥ് കുഞ്ഞിനെ കൊടുത്തു. പിടഞ്ഞു പുളയുന്നതിനിടയിലും ആ യുവതി തന്റെ മകനെ ചേർത്തുപിടിച്ചു.
ഹെഡ്‌ലൈറ്റുകൾ തെളിച്ച് ഹോൺ നീട്ടിയടിച്ചുകൊണ്ട് ഓട്ടോ ഹോസ്പിറ്റലിലേക്കു കുതിക്കവെ ഡ്രൈവർ സീറ്റിലേക്ക് വൈറസ് മാത്യുവും കയറി.
സിദ്ധാർത്ഥ് ജനങ്ങൾ തടഞ്ഞുനിർത്തിയിരിക്കുന്ന, കാറിൽ ഉണ്ടായിരുന്നവർക്ക് അടുത്തേക്കു ചെന്നു.
''ഞങ്ങളെ തടയാൻ നീയൊക്കെ ആരെടാ? വണ്ടിയായാൽ തട്ടിയെന്നും മുട്ടിയെന്നുമിരിക്കും. ഞങ്ങള് നിയമത്തിന്റെ വഴി നോക്കിക്കോളാം."
കാറിൽ വന്നവരുടെ അട്ടഹാസം കേട്ടുകൊണ്ട് സിദ്ധാർത്ഥ് ജനങ്ങൾക്കിടയിലൂടെ മുന്നിലെത്തി.
അവനൊന്നു ഞെട്ടി.
കാറിൽ വന്നത് അവരായിരുന്നു!
തലേന്ന് മാളവികയെ ഓട്ടോയിൽ നിന്ന് പിടിച്ചുകൊണ്ടു പോകുവാൻ ശ്രമിച്ചവർ.
ഷാജി ചെങ്ങറയുടെ സുഹൃത്തുക്കൾ!
അവരും സിദ്ധാർത്ഥിനെ കണ്ടു.
''സാറമ്മാരേ... നിയമത്തിന്റെ വഴി നോക്കാൻ തന്നെയാ ഞങ്ങടെയും തീരുമാനം. നിങ്ങള് അതുകഴിഞ്ഞ് പോയാൽ മതി."
അവർ അവനെ രൂക്ഷമായി നോക്കി.
''ഇത് പറയാൻ നീയാരാടാ?" മൊട്ടത്തലയൻ ചീറി.
''ഈ നാട്ടിലെ ഒരു പൗരൻ. സാറമ്മാര് അത്രയും കരുതിയാൽ മതി."
അവരിൽ നിന്ന് അസഹ്യമായ മദ്യഗന്ധം പുറത്തുവരുന്നുണ്ട്.
''ഞങ്ങള് പോയാൽ നീ എന്തു ചെയ്യുമെടാ?" ജൂബ്ബ ധരിച്ചവന്റെ ചോദ്യം.
സിദ്ധാർത്ഥ് ചിരിച്ചു.
''സാറമ്മാര് പോകത്തില്ലല്ലോ... അഥവാ പോകാൻ ശ്രമിച്ചാൽ തല്ല് മേടിക്കും."
''അതെ. ആദ്യം ഇവന്മാരെ തല്ലിക്കൊല്ലുകയാ വേണ്ടത്. ഒരു പെണ്ണിനേം കൊച്ചിനേം ഇടിച്ചു തെറുപ്പിച്ചിട്ട് നിന്ന് അഹങ്കാരം പറയുന്നോ?"
ജനക്കൂട്ടത്തിൽ എവിടെനിന്നോ അമർഷം പൊട്ടി.
മറ്റുള്ളവർ അതേറ്റുപിടിച്ചു.
പക്ഷേ കാറിൽ വന്നവർ പതറിയില്ല.
ഇതിനകം റോഡ് ബ്ളോക്കായി. വിവരമറിയാത്തവർ നീട്ടി ഹോൺ മുഴക്കി.
''അതേ..." മൊട്ടത്തലയൻ ശബ്ദമുയർത്തി. ''റോഡ് ക്രോസുചെയ്യുമ്പം പാലിക്കേണ്ട നിയമമുണ്ട്. ഏതെങ്കിലും വശത്തുനിന്ന് വാഹനം വരുന്നുണ്ടോ എന്നു നോക്കണം."
ഇനി ക്ഷമിക്കാൻ കഴിയുമായിരുന്നില്ല സിദ്ധാർത്ഥിന്.
കൈ വീശി മൊട്ടത്തലയന്റെ കവിളടക്കം ഒറ്റയടി.
''ഹാ..." അയാൾ വട്ടം കറങ്ങി. സിദ്ധാർത്ഥ് റോഡിലേക്കു കൈചൂണ്ടി. ഈ കുറുകെയിട്ടിരിക്കുന്ന വെളുത്ത വരയുടെ പേരറിയാമോടാ നിനക്ക്. ഇതാണ് സീബ്രാ ലൈൻ. ഇത് ആളുകൾക്ക് റോഡ് ക്രോസ് ചെയ്യാനും അങ്ങനെ ക്രോസ് ചെയ്യുന്നവരെ കണ്ടാൽ വണ്ടി നിർത്തിക്കൊടുക്കണമെന്നും നിനക്കറിയില്ലേടാ?"
''നീ ഞങ്ങളെ റോഡ് നിയമമൊന്നും പഠിപ്പിക്കേണ്ടാ." ജൂബ്ബധാരി പല്ലിളിച്ചു. ''ഇതൊക്കെ പഠിച്ചിട്ടുതന്നെയാ ഞങ്ങളും വണ്ടിയോടിക്കുന്നത്. മുച്ചക്ര വാഹനം ഓടിക്കുന്നവന്റെ അഹങ്കാരമേ..."
''ഇവന്മാരെ അങ്ങനെ വിട്ടാൽ പറ്റത്തില്ല."
ജനങ്ങൾക്കിടയിൽ രോഷം തിളച്ചു.
മുന്നോട്ടു തള്ളിക്കയറിയ അവർ നാലുപേരുടെ മേലും കൈവച്ചു തുടങ്ങി.
''വേണ്ടാ.. വേണ്ടാ...."
സിദ്ധാർത്ഥ് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജനങ്ങളോട് പിടിച്ചുനിൽക്കാൻ കാറിൽ വന്നവർക്കും കഴിഞ്ഞില്ല...
അവർ വല്ല വിധേനയും കാറിനുള്ളിൽ കയറി ഡോറടച്ച് ലോക്കിട്ടു...
(തുടരും)