road-

തിരുവനന്തപുരം : പൊലീസ് യൂണിഫോമിന്റെ വില അറിയില്ലേ, ഇനിയും സംസാരിച്ചാൽ പിടിച്ച് അകത്താക്കുമെന്ന് വനിതാ ഡോക്ടറോട് പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുൻപിൽ വച്ചാണ് ജനറൽആശുപത്രിയിലെ വനിതാഡോക്ടറോട് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ. പി.അജിത്കുമാർ മോശമായ പദപ്രയോഗങ്ങൾ നടത്തിയതായി പരാതി ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. ലോക്നാഥ്‌ബെഹ്റക്കും ഡോക്ടർ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. പാളയം ഭാഗത്തേക്ക് കാറോടിച്ച് വരികയായിരുന്ന ഡോക്ടർ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ ഗതാഗതകുരുക്കിൽ അകപ്പെടുകയായിരുന്നു. സമരങ്ങൾ കാരണം വാഹനങ്ങൾ നിരനിരയായി കിടന്നതോടെ കാർ വലതുഭാഗത്തു കൂടി കയറ്റി മുന്നോട്ടെടുക്കാൻ ഡോക്ടർ ശ്രമിച്ചതാണ് പൊലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. ഡോക്ടറുടെ കാർ തടഞ്ഞിട്ട ശേഷം മോശമായി സംസാരിക്കുകയായിരുന്നു. തന്റെ പ്രവർത്തിക്ക് ഡോക്ടർ ക്ഷമ ചോദിച്ചിട്ടും എസ്.ഐ അടങ്ങിയില്ല. കേസിന്റെ ആവശ്യത്തിനായി ആശുപത്രിയിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കടക്കം ഡോക്ടറെ പറ്റി നല്ല മതിപ്പാണുള്ളത്. പൊതുജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്ന ഡോക്ടറെ എസ്.ഐ അപമാനിച്ചതിൽ സേനയ്ക്കുള്ളിലും അമർഷമുണ്ട്.