കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി സംഗീത നിശ നടത്തിയിട്ടും പണം സർക്കാരിന് കൈമാറാത്തത് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലടക്കം കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ 6,22,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ രേഖ സംവിധായകൻ ആഷിഖ് അബു പുറത്തുവിട്ടിരുന്നു. എന്നാൽ, ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതിയുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനു നേരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്.
"ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകൂടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്...ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്...പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു...പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ ...ചുമ്മാ...