fatf

ന്യൂഡൽഹി: ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ പ്രധാന സാമ്പത്തികസ്രോതസ് നിയമവിരുദ്ധ പ്രവർത്തനങ്ങളും അവരെ പിന്തുണക്കുന്നവർ നൽകുന്ന പണവുമാണെന്ന് അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) അറിയിച്ചു. ലഷ്‌കർ ഇ ത്വയ്ബ, ജയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകൾക്ക് പാകിസ്ഥാൻ നിരന്തരം സാമ്പത്തികസഹായം നൽകുന്നത് ഇന്ത്യ ആവർത്തിക്കുന്ന കാര്യമാണെന്നും ഈ സാഹചര്യത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് എഫ്.എ.ടി.എഫ് അറിയിച്ചു.

പ്ലീനറി സമ്മേളനം അടുത്ത ആഴ്ച പാരിസിൽ നടക്കാനിരിക്കെയാണ് എഫ്.എ.ടി.ഫ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരണോ അതോ ബ്ലാക്ക് ലിസ്റ്റിലേക്ക് മാറ്റണോ എന്നുള്ള തീരുമാനം അടുത്തുണ്ടാവുമെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി. ഭീകരസംഘടനകൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഇവർ വിവിധ മാ‌ർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പാകിസ്ഥാന്റെ പേര് പറയാതെ എഫ്.എ.ടി.എഫ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി. പിന്തുണക്കുന്നവരെ സോഷ്യൽ മീഡിയ വഴി കണ്ടെത്തി സാമ്പത്തികത്തിനായി അപേക്ഷിക്കുക എന്നിവയാണ് ഇതിൽ പ്രധാനമെന്നും എഫ്.എ.ടി.എഫ് അറിയിച്ചു.

ഭീകരസംഘടനകൾക്കനേരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. 2020 ഫെബ്രുവരിവരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിർത്താനും പാരിസിൽ ചേർന്ന പ്ലീനറി സമ്മേളനം തീരുമാനിച്ചിരുന്നു. ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം എത്തുന്നത് തടയാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്). ഭീകരവാദം അടിച്ചമർത്താൻ പാകിസ്ഥാൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ നൽകിയ കർമപദ്ധതി 2020 ഫെബ്രുവരിയോടെ പൂർത്തിയാക്കണം. ഇല്ലെങ്കിൽ പാകിസ്ഥാൻ കരിമ്പട്ടികയിലാവുമെന്ന് എഫ്.എ.ടി.എഫ് വ്യക്തമാക്കിയിരുന്നു. എഫ്.എ.ടി.എഫ്. അംഗരാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങൾ പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങൾ, ഇടപാടുകൾ എന്നിവയിൽനിന്ന് മാറിനിൽക്കുന്നതടക്കമുള്ള നടപടികളുമുണ്ടാവും.