ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്തമായ ഫെസ്റ്റിവലുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. സ്പെയിനിലെ ടൊമോറ്റോ ഫെസ്റ്റിവലും ബെൽജിയത്തിന്റെ ചോക്കോ ഫെസ്റ്റിവലും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇതിനേക്കാൾ കൂടുതലായി ലോകം ശ്രദ്ധിക്കുന്ന ഒരു ഉത്സവമാണ് ഈയടുത്ത് ജപ്പാനിൽ നടന്നത്. പേര് ഹഡാകാ മട്സൂരി. ജപ്പാന്റെ ഈ വാക്ക് ഒന്ന് തർജിമ ചെയ്‌താൽ 'നഗ്നരുടെ ഉത്സവം'എന്നായി മാറും.
ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് ഈ ഉത്സവം നടക്കുന്നത്. പ്രസിദ്ധമായ സൈദൈജി കനോനിൻ ക്ഷേത്രത്തിൽ പുരുഷന്മാർ മാത്രമാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത്. നഗ്നത എന്ന വാക്ക് പേരിൽ മാത്രമാണെന്ന് പറയാം, കാരണം പുരുഷന്മാരാരും പൂർണമായും നഗ്നരാവുന്നില്ല. കുറച്ച് വസ്ത്രം മാത്രം ഉപയോഗിച്ച് ഉത്സവത്തിൽ പങ്കെടുക്കുക എന്നതാണ് ചടങ്ങ്. അര മറയ്‌ക്കുന്ന 'ഫുണ്ടോഷി'യും 'ടാബി' എന്ന വെള്ള സോക്‌സുമാണ് ഉത്സവത്തിൽ പങ്കെടുക്കുന്നവർ ധരിക്കുന്നത്.
ജപ്പാനിലെ ഒക്കയാമ നഗരത്തിൽ നിന്ന് ട്രയിനിൽ 30 മിനിറ്റ് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കൃഷിയിൽ വിളവ് ലഭിക്കാനും സമ്പൽസമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ഇതിൽ പങ്കെടുക്കുന്ന ചെറുപ്പക്കാർക്കായി പ്രത്യേക ചടങ്ങുകൾ നടത്താറുണ്ട്. ഇതിനുശേഷം അർദ്ധ നഗ്നരായ പുരുഷന്മാർ ക്ഷേത്രത്തിന് ചുറ്റുമോടാൻ തുടങ്ങും. പിന്നീട് ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കുളത്തിലായിരിക്കും. ഇവിടെ നിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകൾ നടക്കുന്ന ഭാഗത്തേക്ക് പോകാൻ.
രാത്രി പത്തുമണിയോടെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയെത്തി തിങ്ങിനിറഞ്ഞുനിൽക്കുന്ന ജനങ്ങൾക്ക് നേരെ 100 കെട്ട്, ചുള്ളിക്കമ്പുകളും 20 സെന്റിമീറ്ററോളം വലിപ്പമുള്ള രണ്ട് ഷിംഗി കമ്പുകളും എറിയും. ഈ ഷിംഗി കമ്പുകൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. പൂജാരി എറിയുന്ന ഇവ എത്തിപ്പിടിക്കാൻ ഭക്തർ ശ്രമിക്കും. ഈ ചടങ്ങ് അരമണിക്കൂർ നീണ്ടുനിൽക്കും. ഷിംഗി കമ്പുകളും ചുള്ളിക്കമ്പുകളും കൈക്കലാക്കുന്നതിനിടെ നിരവധി ഭക്തർക്ക് പരിക്കേറ്റിട്ടുണ്ട്. ജപ്പാനെ കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.