യുക്തിയുടെ പരമമായ സ്വഭാവം അത് എല്ലായ്പ്പോഴും സമാനമായതിനെ അന്വേഷിച്ച്, താരതമ്യപ്പെടുത്തുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ആദ്ധ്യാത്മികതലങ്ങളുടെ പര്യവേക്ഷണത്തിന് ഇതൊരു തടസമാണ്. സൃഷ്ടിയുടെ ഉപരിതലത്തിൽ മാത്രമേ സമാനതകളുള്ളൂ. സൃഷ്ടിയുടെ സ്വഭാവത്തെ സമാനമായവയിൽ കണ്ടെത്താനാവില്ല.
നിങ്ങളുടെ വിരലടയാളം മുതൽ നേത്രഗോളം വരെയെല്ലാം ശ്രദ്ധിച്ചാലറിയാം അതെല്ലാം അനുപമമാണ്. ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചാൽ നിങ്ങൾക്ക് ഒരേപോലെയുള്ള ഒന്നിനെയും കണ്ടെത്താൻ കഴിയില്ല. ഓരോന്നിനും അതിന്റേതായ കൈയൊപ്പുണ്ട്. നിങ്ങളുടെ യുക്തി എത്രത്തോളം ശക്തമാണോ അത്രത്തോളം നിങ്ങൾ ഉപരിതലത്തിൽ തങ്ങിനിൽക്കും. ആളുകൾ പരിചിതമായ കാര്യങ്ങളിൽ അകപ്പെടുന്നു. അവർ എല്ലാ ദിവസവും ഒരേ പാതയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നു. പരിചിതമായത് തേടുന്നതിലൂടെ നിങ്ങൾ ചാക്രികചലനം നടത്തുകയാണ് . ഭൗതികമായതെല്ലാം ചാക്രികമാണ്. നിങ്ങൾ ചാക്രികമായി സഞ്ചരിക്കുമ്പോൾ, ഭൗതികത നിങ്ങളെ സ്വതന്ത്രമാക്കില്ല.
സൃഷ്ടിയുടെ ആദ്ധ്യാത്മികതലങ്ങളുടെ ഉള്ളിലിറങ്ങാൻ, നിങ്ങളുടെ മനസിനെ പരിചിതമായത് തിരയാതിരിക്കാൻ പരിശീലിപ്പിക്കണം.അങ്ങനെ ബോധപൂർവം നിങ്ങളുടെ ആശ്വാസമേഖലയിൽ നിന്ന് പുറത്തു കടക്കണം. സംസാരത്തിൽ നിന്ന് സന്യാസത്തിലേക്കുള്ള യാത്രയാണത്. സന്യാസമെന്നാൽ ആശ്രമവാസിയാവണമെന്നല്ല ചാക്രികതയെ ഭേദിക്കുക എന്നാണ് അർത്ഥം.
സംസാരം എന്നാൽ കുടുംബമെന്നല്ല അതിനർത്ഥം നിരന്തരമായ ചാക്രികതയാണ്. പരിചിതമായത് അന്വേഷിക്കുമ്പോൾ , നിങ്ങൾ എല്ലായ്പ്പോഴും തിരയുന്നത് യാദൃച്ഛികതയാണ്. നിർഭാഗ്യവശാൽ, ഭൗതിക ശാസ്ത്രത്തിൽ പോലും, ബന്ധപ്പെടുത്താൻ അവർ യാദൃച്ഛികത തേടുന്നു. കാര്യങ്ങൾ നോക്കിക്കാണാനുള്ള ഒരു മാർഗമാണിതെങ്കിലും അത് ഉപരിതലത്തിൽ മാത്രമേ നിൽക്കുകയുള്ളൂ. അതൊരിക്കലും അസ്തിത്വത്തിന്റെ ആഴത്തിലുള്ള മാനങ്ങളെ പര്യവേക്ഷണം ചെയ്യില്ല. ചുറ്റുമുള്ളതെല്ലാം നിങ്ങൾ കാണും, എന്നാൽ സൃഷ്ടിയുടെ ഉറവിടം നിങ്ങൾക്ക് നഷ്ടമാകും. അപരിചിതമായ ഭൂപ്രദേശങ്ങൾ കണ്ടെത്താനും അവിടെ സഞ്ചരിക്കാനും, നിങ്ങൾ നിങ്ങളുടെ ഊർജഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. നിങ്ങൾ ശരീരത്തെയും വികാരങ്ങളെയും സന്തുലിതമാക്കേണ്ടതുണ്ട്. കൂടാതെ വിവിധതരം വികാരങ്ങളെ കൈകാര്യം ചെയ്യാൻ കഴിവുള്ള മനസ് നിങ്ങൾക്കാവശ്യമാണ്.