അഹമ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം പ്രമാണിച്ച് അഹമ്മദാബാദിലെ ചേരി നിവാസിളെ ഒഴിപ്പിക്കുന്നു. ചേരികളെ മറയ്ക്കുന്നതിന് മതില്‍ നിര്‍മിക്കാനുള്ള നീക്കം വിവാദമായതിനെത്തുടര്‍ന്നാണ് ഇവിടെ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോവാന്‍ നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കിയത്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.
അഹമ്മദാബാദിലെ 45 കുടുംബങ്ങള്‍ക്കാണ് ചേരി ഒഴിഞ്ഞുപോവാന്‍ നോട്ടീസ് ലഭിച്ചത്. അതേസമയം ട്രംപും മോദിയും പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോര്‍പറേഷന്റെ വിശദീകരണം. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികള്‍ പറയുന്നു.
മോട്ടേറ സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ ചേരി. സ്‌റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഇത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ചേരിനിവാസികള്‍ പറയുന്നു.