പാറ്റ്ന: 2014ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി കസേരയിൽ എത്തിക്കുന്നതിനും, കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനും നിർണായക പങ്കുവഹിച്ചയാളാണ് പ്രശാന്ത് കിഷോർ. ജെ.ഡി.യു ഉപാദ്ധ്യാക്ഷൻ കൂടിയായിരുന്ന പ്രശാന്ത് കിഷോറിനെ കഴിഞ്ഞ മാസം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർത്ത പ്രശാന്ത് അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
ഇപ്പോഴിതാ, അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴെയിറക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത്. ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ് കുമാറാണെന്ന് പറഞ്ഞ പ്രശാന്ത്, 'ബാത്ത് ബീഹാർ കീ' എന്ന പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദുർഭരണത്തിനെതിരെ സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് 100 ദിവസത്തെ പ്രചരണം നടത്താനാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.
'ഞാൻ എവിടെയും പോകാൻ തയ്യാറല്ല, ബീഹാറിന് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ഇവിടെയുണ്ടാകും. വികസനവും തൊഴിലും ആവശ്യമുള്ള നമ്മുടെ നാട്ടിലെ മുഴുവൻ യുവാക്കളും എന്റെ ഈ പ്രചാരണത്തിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ മികച്ചതാക്കാൻ നിങ്ങൾ കൂടെയുണ്ടാകണം. വികസന നിരക്കിന്റെ കാര്യത്തിൽ ബീഹാർ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാകണമെന്ന് ആഗ്രഹിക്കുന്നവരെ പ്രചരണത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു- പ്രശാന്ത് കിഷോർ പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം നിലവിൽ 22ാം സ്ഥാനത്താണ്. അത് പത്തിലേക്ക് എത്തിക്കണം. മികച്ച് പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇനി ബീഹാറുമുണ്ടാകണം. മാർച്ച് 20ന് 'ബാത്ത് ബീഹാർ കീ'യുടെ പ്രചരണ പരിപാടികൾ ആരംഭിക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. നിതീഷ്‌കുമാർ ബീഹാറിനായി വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്, എന്നിട്ടും സംസ്ഥാനം ഇപ്പോഴും ദരിദ്രമായി തുടരുകയാണ്. ഉപജീവനത്തിനായി യുവാക്കൾ ഇപ്പോഴും സംസ്ഥാനത്തിന് പുറത്തേക്ക് കുടിയേറിപ്പാർക്കുകയാണ്- പ്രശാന്ത് കിഷോർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെ കുറിച്ചും പ്രശാന്ത് കിഷോർ സംസാരിച്ചു. 'നിതീഷ് കുമാർ എന്നെ ഒരു മകനെപ്പോലെയാണ് കാണുന്നത്. ഞാൻ അദ്ദേഹത്തെ ഒരു പിതാവിനെപ്പോലെയും. എന്നെ പാർട്ടിയിലേക്ക് എടുക്കുകയോ, പുറത്താക്കുകയോ ചെയ്യുന്നതിന് അദ്ദേഹത്തിന് അധികാരമുണ്ട്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.'- പ്രശാന്ത് പറഞ്ഞു.