sadeep-g-warrior-

കൊച്ചി : പ്രളയത്തിൽ നിന്നും കരകയറിയ കേരളത്തിന് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനായി പണം സ്വരൂപിക്കുക എന്ന ഉദ്ദേശത്തോടെ സംഗീത നിശ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിനാണ് അന്വേഷണ ചുമതല.

മുഖ്യമന്ത്രിയുടെ പേരുൾപ്പെടെ ദുരുപയോഗപ്പെടുത്തി കരുണ എന്നപേരിൽ സംഗീത പരിപാടി നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയവർക്ക് നേരെ അന്വേഷണം നടത്തണമെന്നാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യർ എറണാകുളം ജില്ല കളക്ടർക്ക് പരാതി നൽകിയത്. കളക്ടർ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് കാട്ടി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. കളക്ടറുടെ പേരും പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ വിവാദത്തിലേക്ക് വലിച്ചിടുവാൻ സംഘാടകർ ശ്രമിച്ചിരുന്നു. ഈ നീക്കത്തിനെതിരെ ശക്തമായ താക്കീത് കളക്ടർ നൽകുകയുണ്ടായി.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കീഴിൽ 'കരുണ' സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന സിനിമാ സംവിധായകൻ ആഷിഖ് അബുവിന്റെ വാദം പൊളിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരിൽ ഒരാളും സംഗീതജ്ഞനുമായ ബിജിബാൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തുവന്നിരുന്നു.

സംഗീത നിശ നടത്തിയ ശേഷം സ്വരൂപിച്ച പണം സർക്കാരിലേക്ക് അടയ്ക്കാതെ ഭാരവാഹികൾ മുക്കുവാൻ ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക് വരികയാണ്. പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുക എന്ന സദുദ്ദേശത്തോടെ പരിപാടി നടത്തുന്നതിനാൽ സ്‌റ്റേഡിയം സൗജന്യമായി നൽകുവാൻ സ്‌പോർട്സ് സെന്റർ തീരുമാനിച്ചിരുന്നു. എന്നാൽ തുക അടച്ചില്ലെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ വിശദാംശങ്ങൾ ചോദിച്ചു കൊണ്ട് സ്‌പോർട്സ് സെന്റർ ഭാരവാഹികൾ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

ജനുവരിമാസം അയച്ച കത്തിന് മറുപടി നൽകാതെ സംഘാടകർ മൗനം പാലിക്കുകയായിരുന്നു. 2020ൽ ജനുവരി മൂന്നിനാണ് സ്‌പോർട്സ് സെന്റർ കത്തയച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കാൻ വേണ്ടി പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറഞ്ഞ് നിങ്ങൾ സൗജന്യമായി വേദി ഉപയോഗിച്ചു. എന്നാൽ ആ പണം അടച്ചിട്ടുണ്ടോ അല്ലെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്താണ്?'എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനും ഒരു മാസം കഴിഞ്ഞാണ് വിവരാവകാശ രേഖപ്രകാരം പണം ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചത്. ഇതോടെ സംഭവം വലിയ വിവാദമാവുകയും 6,22,000 രൂപയുടെ ചെക്ക് നൽകി സംഘാടകർ തടിയൂരുകയുമായിരുന്നു. എന്നാൽ പരിപാടി സംഘടിപ്പിച്ചവർ തട്ടിപ്പ് നടത്തുവാൻ ശ്രമിച്ചു എന്നതിന്റെ തെളിവുകൾ ഒന്നിനുപുറകേ വരുമ്പോഴും അന്വേഷണം കാര്യക്ഷമമാക്കാതെ പൊലീസ് ഉഴപ്പുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.