അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനൊരുങ്ങിക്കഴിഞ്ഞു. വരവേൽക്കാൻ ഇന്ത്യയും തയ്യാറായിരിക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ട്രംപ് ഇന്ത്യയിലേക്കെത്തുന്നത്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഗുജറാത്തിലെ അഹമ്മദാബാദിലെത്തുന്ന ട്രംപിന് സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിലാണ് ' കെ ഛോ ട്രംപ് ' എന്ന പേരിൽ രാജകീയ വരവേൽപ് നൽകുക. ട്രംപിന്റെ വരവിൽ ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അതുപോലെ ഇന്ത്യയുടെ കാര്യത്തിൽ മൂന്ന് തലങ്ങളിൽ ട്രംപ് ആശങ്ക പങ്കുവയ്ക്കുന്നതായി പ്രമുഖ നയതന്ത്രജ്ഞനും മുൻ അംബാസിഡറുമായ ഡോ.ടി.പി ശ്രീനിവാസൻ പറയുന്നു.

us-president

ട്രംപ് ഒരു "ഗുജറാത്ത് ബിസിനസ് മാനെ" പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടി.വി "സ്ട്രെയിറ്റ് ലെെനി"ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യം,​ ആയുധം എന്നീ രംഗത്ത് നേട്ടം പ്രതീക്ഷിക്കാമെന്നും ഡോ.ടി.പി ശ്രീനിവാസൻ പറഞ്ഞു. "​വെപ്പണിന്റെ കാര്യത്തിൽ റഷ്യയുമായിട്ടുള്ള കോൺട്രാക്ട് ഇല്ലാതാകുമെന്ന് തോന്നുന്നില്ല. റഷ്യയുടെ കയ്യിൽ നിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ട്രംപ് എതിർത്തിരുന്നു. പക്ഷെ അതിനേക്കാൾ കൂടുതൽ ഇവിടെ നിന്ന് വാങ്ങിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സങ്കടം വരില്ലല്ലോ. ശരിക്കും ഒരു "ഗുജറാത്തി ബിസിനസ് മാൻ" ആണ് ട്രംപ്.

ഇന്ത്യയുടെ കാര്യത്തിൽ ട്രംപിന് ചില ആശങ്കകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യാപാരം. രണ്ടാമത്തേത് പ്രതിരോധത്തിനുള്ള ആയുധങ്ങൾ നമ്മുടെ കയ്യിൽ നിന്ന് വാങ്ങുന്നോ ഇല്ലയോ എന്നതാണ്. മൂന്നാമത് ഇന്ത്യ പാകിസ്ഥാൻ. ഇങ്ങനെ മൂന്ന് കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസിലുണ്ട്. ഇതിനെ കുറിച്ച് എന്തെങ്കിലും ചർച്ചയുണ്ടാകുക എന്നതാണ് അദ്ദേഹത്തിന്റെ താൽപര്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് പ്രധാനമാണ്. കാരണം ഇവിടെ വരുന്ന പ്രക്ഷോഭങ്ങളും സിറ്റിസൺഷിപ്പ് ആക്ടിനെ പറ്റിയുള്ള പ്രശ്നങ്ങളും,​ ഒരു സമുദായ വിഭജനമൊക്കെ നടക്കുന്ന സമയത്ത് ഒരു അമേരിക്കൻ പ്രസിഡന്റ് വരികയും അദ്ദേഹത്തെ അഭിനന്ദിക്കുകയുമൊക്കെ ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണ്. മോദിക്കും ട്രംപിനും ഒരേപോലെ ആശങ്കളുമുണ്ട്"-അദ്ദേഹം പറയുന്നു.