ന്യൂഡൽഹി: ഗുജറാത്തിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയത് വൻ വിവാദമായിരുന്നു. കോളേജിലെ 60 വിദ്യാർത്ഥിനികളുടെ പരാതിയിൽ പ്രിൻസിപ്പൽ ഉൾപ്പടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്നു ദേശീയ വനിതാ കമ്മിഷൻ ഞായറാഴ്ച ഹോസ്റ്റലിൽ എത്തി കുട്ടികളുമായി ചർച്ച നടത്തിയിരുന്നു. ആർത്തവമുള്ള പെൺകുട്ടികൾ മറ്റു കുട്ടികൾക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കരുതെന്നു ഹോസ്റ്റൽ നിയമമുണ്ടെന്ന് വിദ്യാർത്ഥികൾ വനിത കമ്മിഷനെ ധരിപ്പിച്ചു. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധഭാഗത്ത് നിന്നുയർന്നത്.
ഇപ്പോഴിതാ സമാനമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിൽ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി നാരായൺ മന്ദിരത്തിലെ സ്വാമി കൃഷ്‌ണസ്വരുപ് ദാസ്ജി എന്നയാൾ. 'ആർത്തവ സമയത്ത് സ്ത്രീകൾ പാചകം ചെയ്യുന്ന ഭക്ഷണം ഒരു തവണയെങ്കിലും കഴിക്കുന്നവർ അടുത്ത ജന്മത്തിൽ കാളയായി ജനിക്കുമെന്ന്' കൃഷ്‌ണസ്വരുപ് ദാസ്ജി പറഞ്ഞു. ആർത്തവസമയത്ത് ഭക്ഷണം പാചകം ചെയ്യുന്നവർ അടുത്ത ജന്മത്തിൽ പെൺപട്ടിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്തുണക്കുന്നവർക്ക് ഉപദേശം നൽകുന്നതിനിടെയാണ് ഇയാൾ വിവാദ പരാമർശം നടത്തിയത്. വിവാദ പരമാർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇയാൾക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
'പത്ത് വർഷത്തിന് ശേഷമാണ് താൻ തന്റെ ശിഷ്യഗണങ്ങളെ ഉപദേശിക്കുന്നത്. എല്ലാവരും കരുതുന്നത് ഞാൻ കർക്കശമുള്ള ഒരാളാണെന്നാണ്. നമ്മുടെ മതത്തിന്റെ രഹസ്യങ്ങൾ പുറത്തുപറയരുതെന്ന് ഒരു സന്യാസി ഒരിക്കൽ തന്നോട് പറഞ്ഞിരുന്നു. പക്ഷേ, ഞാനിത് പറഞ്ഞുതന്നില്ലെങ്കിൽ നിങ്ങൾക്കത് ഒരിക്കലും മനസിലാക്കാൻ കഴിയില്ല'- കൃഷ്‌ണസ്വരുപ് ദാസ്ജി പറഞ്ഞു. ആർത്തവമുള്ള സ്ത്രീകളുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് തടയാനായി പുരുഷന്മാർ എല്ലാവരും പാചകം ചെയ്യാൻ പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.