പ്രണയം സർവ സാധാരണമാണ്. ദിവസങ്ങൾക്ക് മുമ്പായിരുന്നു വാലെന്റയിൻസ് ഡേ. പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞും, സമ്മാനങ്ങൾ നൽകിയും നിരവധി കമിതാക്കൾ ആ ദിനം കൊണ്ടാടി. പ്രണയദിനാഘോഷങ്ങൾ ഈയിടെയായി കൂടിവരികയാണ്.
എത്രമാത്രം പ്രണയ ലേഖനങ്ങളാണ് അല്ലെങ്കിൽ സമ്മാനങ്ങളാണ് തനിക്ക് ലഭിക്കുന്നത് എന്ന് ഓർത്ത് സ്വയം നിർവൃതി കൊള്ളുന്ന കൗമാരക്കാരികൾ ധാരാളമുണ്ട്. ഇതൊക്കെ തെറ്റാണ്, ചതിക്കുഴികളാണ് എന്ന് പറഞ്ഞ് അവരെ വിലക്കുന്ന മാതാപിതാക്കളോട് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന് പറയാനുള്ളത്.
'ഇതൊരു സ്വാഭാവികമായ പ്രക്രിയ അല്ലേ. നമ്മൾ മുതിർന്നവർ നമ്മുടെ കഴിഞ്ഞുപോയ കാലം എന്ന രീതിയിൽ കൗമാരക്കാരായ കുട്ടികളോട് പെരുമാറാറില്ല. മുതിർന്ന ഭാവത്തോടെ തെറ്റാണ് പാപമാണ് എന്ന രീതിയിലാണ് ഇടപെടുന്നതും സംസാരിക്കുന്നതും. തീർച്ചയായിട്ടും അവരെ നല്ല രീതിയിൽ ഗൈഡ് ചെയ്യണം. അവരെ നേർവഴിക്ക് തന്നെ നയിക്കണം. പക്ഷേ അവരെ മനസിലാക്കുക എന്ന കാര്യം കൂടിയില്ലേ?'-കല മോഹൻ ചോദിക്കുന്നു.
ഒരിക്കൽ തന്നെ കാണാനെത്തിയ ഒരു കൗമാരക്കാരിയെക്കുറിച്ചും കല മോഹൻ മനസ് തുറന്നു. തന്റെ ഗ്യാങിലെ എല്ലാ കൂട്ടുകാരികൾക്കും പ്രണയ ദിനത്തിന് സമ്മാനം കിട്ടിയെന്നും തനിക്ക് മാത്രം ലഭിച്ചില്ലെന്നുമാണ് ആ പെൺകുട്ടിയുടെ സങ്കടം. ബാക്കി കൂട്ടുകാരികൾ അതിനെക്കുറിച്ച് പറയുമ്പോൾ അവൾക്ക് മാത്രം പറയാൻ ഒന്നുമുണ്ടായിരുന്നില്ലെന്നും ആ ചെറിയ കാര്യം അവളെ തകർത്ത് കളഞ്ഞെന്നും കല മോഹൻ പറയുന്നു.