kasab

മുംബയ് ഭീകരാക്രമണത്തിൽ പൊലീസ് ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ ലഷ്‌കർ ഇ തൊയ്ബ ഭീകരനാക്കി വളർത്തിയ ഇന്ത്യയെകുറിച്ചുള്ള അസത്യങ്ങൾ കുത്തിവച്ച്. മുൻ മുംബയ് സിറ്റി പൊലീസ് കമ്മീഷണർ രാകേഷ് മരിയ എഴുതിയ ആത്മകഥയിലാണ് മുംബയ് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരണമുള്ളത്. ലെറ്റ് മീ സേ ഇറ്റ് നൗ എന്ന പേരിൽ അദ്ദേഹം എഴുതിയ പുസ്തകത്തിൽ ഇതുവരെ പുറംലോകം അറിയാത്ത പല കാര്യങ്ങളുമുണ്ട്. കസബിനെ ഒരു ഹിന്ദുവായി വേഷം ധരിപ്പിച്ചാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കയച്ചത്. ഇതിനായി കസബിന്റെ കൈയ്യിൽ ചുവന്ന ചരടുകൾ കെട്ടിയിരുന്നു. ഇതു കൂടാതെ സമീർ ദിനേശ് ചൗധരി എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുമായിട്ടാണ് ഇയാൾ എത്തിയത്. ബംഗളൂരു സ്വദേശി എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയിരുന്നത്. പൊലീസ് തിരിച്ചടിയിൽ കസബ് കൊല്ലപ്പെട്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദി എന്ന നിലയിൽ വരുത്താനായിരുന്നു ഈ കുബുദ്ധി പ്രയോഗിച്ചത്. എന്നാൽ ജീവനോടെ കസബിനെ പിടികൂടിയതോടെ പാകിസ്ഥാന്റെ തന്ത്രം പൊളിയുകയായിരുന്നു.

അജ്മൽ കസബിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും പൊലീസിനെ ഞെട്ടിച്ചിരുന്നു. ഒരു തീവ്രവാദിയാവുന്നതിനായിരുന്നില്ല മറിച്ച് പണം സമ്പാദനം ലക്ഷ്യമിട്ട് മാത്രമാണ് കസബ് സുഹൃത്തിനൊപ്പം ലഷ്‌കർ ക്യാമ്പിലെത്തിയത്. അവിടെ നിന്നും ആയുധങ്ങൾ കവർന്ന് സമ്പന്നരെ കൊളളയടിക്കുക എന്നതായിരുന്നു അപ്പോൾ കസബ് ലക്ഷ്യമിട്ടത്. എന്നാൽ തീവ്രവാദ ക്യാമ്പിൽ നിന്നുള്ള മസ്തിഷ്‌ക പ്രക്ഷാളനത്തിൽ കസബിന്റെ മനസ് ആടിയുലയുകയായിരുന്നു. ഇന്ത്യയിൽ മുസൽമാൻമാർക്ക് പള്ളിയിൽ നിസ്‌കരിക്കാനാവില്ലെന്നും സർക്കാർ വിലക്കുണ്ടെന്നും മനസിൽ ധരിച്ചുവച്ചിരുന്ന കസബിനെ ആ ചിന്ത മാറ്റുന്നതിനായി ഒടുവിൽ പള്ളിയിൽ നിസ്‌കാര സമയത്ത് കൊണ്ടുപോകുവാൻ പൊലീസ് തീരുമാനിച്ചു. മെട്രോ സിനിമയ്ക്ക് അടുത്തുള്ള മോസ്‌കിലേക്ക് കസബിനെ കൊണ്ടു പോവുകയും അവിടെ നൂറുകണക്കിന് വിശ്വാസികൾ നിസ്‌കരിക്കുന്നത് കണ്ട് കസബ് കണ്ണുതള്ളി നിന്നതായും അദ്ദേഹം ആത്മകഥയിൽ വിവരിക്കുന്നു. ഇന്ത്യയിൽ അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നുടുക്കിയതിന് രാജ്യസുരക്ഷാ നിയമപ്രകാരം കസബിന് കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്തിരുന്നു.