വാരണാസി: മകളുടെ വിവാഹത്തിന്റെ ആദ്യക്ഷണക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച് വിവാഹത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച റിക്ഷാവാല മംഗൾകേവതിനെ കാണാൻ സാക്ഷാൽ മോദിയെത്തി. ഞായറാഴ്ച തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ എത്തിയപ്പോഴാണ് മംഗൾകേവതിനെ കാണാൻ മോദി സമയം കണ്ടെത്തിയത്. മംഗൾ കേവതിന്റെയും കുടുംബത്തിന്റെയും ആരോഗ്യവും ക്ഷേമവും അന്വേഷിച്ച പ്രധാനമന്ത്രി, കൂടിക്കാഴ്ചയ്ക്കിടെ സ്വച്ഛ് ഭാരത് അഭിയാന് കേവത് നൽകിയ സംഭാവനകളെ അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പരിപാടിയിൽ പ്രചോദനം ഉൾക്കൊണ്ട് മംഗൾ കേവത് സ്വന്തം ഗ്രാമത്തിലെ ഗംഗാ തീരങ്ങൾ വൃത്തിയാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12നായിരുന്നു കേവതിന്റെ മകളുടെ വിവാഹം. 'പ്രധാനമന്ത്രിക്കുള്ള ക്ഷണക്കത്ത് ഞാൻ നേരിട്ട് ഡൽഹിയിലെ പി.എം ഓഫീസിലെത്തിക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് മോദിയുടെ അഭിനന്ദനക്കത്ത് ഞങ്ങൾക്ക് ലഭിച്ചു. ശരിക്കും അദ്ഭുതപ്പെട്ടുപോയി. കല്യാണത്തിനെത്തിയ എല്ലാ അതിഥികളെയും ഞങ്ങൾ മോദിജി അയച്ച കത്ത് കാണിച്ചു"- കേവത് പറഞ്ഞു. പ്രധാനമന്ത്രി മോദിയെ വാരണാസി സന്ദർശന വേളയിൽ കാണാനുള്ള ആഗ്രഹം മംഗൾ
കേവതും ഭാര്യ രേണു ദേവിയും പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മോദി ഇവർക്കരികിലേക്കുമെത്തിയത്.