sanitary

ഭുജ്: ഗുജറാത്തി ശ്രീ സഹജാനന്ദ ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 68 വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ റിത റാണിഗ, വനിത ഹോസ്റ്റൽ റെക്ടർ രമിലാബെൻ ഹിരാനി, പ്യൂൺ നൈന ഗോരസിയ, അനിതാ ചൗഹാൻ എന്നിവരെയാണ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെയെല്ലാം അന്വേഷണവിധേയമായി കോളേജ് മാനേജ്‌മെന്റ് ശനിയാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. ആർത്തവകാലത്ത് ഹോസ്റ്റൽ നിഷ്‌കർഷിച്ചിരിക്കുന്ന ചട്ടങ്ങൾ പാലിക്കുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ആഴ്ച വിദ്യാർത്ഥിനികളെ വരിവരിയായി നിറുത്തി കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ദേശീയ വനിത കമ്മിഷൻ ഉൾപ്പടെ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.