ഗാന്ധിനഗർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചുള്ള 'നമസ്തേ ട്രംപ്" പരിപാടി നടക്കുന്ന അഹമ്മദാബാദിലെ മൊടേരാ സ്റ്റേഡിയത്തിന് സമീപത്തെ ചേരിനിവാസികളെ ഒഴിപ്പിക്കാനൊരുങ്ങി അധികൃതർ.
ചേരി നിവാസികളായ 45 കുടുംബങ്ങളിലെ ഏതാണ്ട് 200ഓളം പേർക്കാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ 7 ദിവസത്തിനകം വീടൊഴിഞ്ഞ് പോകണമെന്ന നോട്ടീസ് നൽകിയത്. 20 വർഷമായി ഇവിടത്തെ താമസക്കാരായ ഇവരിൽ ഭൂരിഭാഗവും കെട്ടിടനിർമ്മാണത്തൊഴിലാളികളാണ്.
ട്രംപിന്റെ സന്ദർശനപാതയിലെ ചേരികൾ 'കണ്ണിൽപ്പെടാതിരിക്കത്തക്കവിധം" മതിൽകെട്ടി മറച്ച് വിവാദമായതിന് പിന്നാലെയാണ് കോർപറേഷന്റെ പുതിയ നടപടി.
മോടേര സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റർ അകലെയാണ് ഈ ചേരി. സ്‌റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗർ ഹൈവേയുടെ സമീപത്താണിത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേക്ക് താമസം മാറുമെന്ന ആശങ്കയിലാണിവർ.
എന്നാൽ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതിന് 'നമസ്തേ ട്രംപുമായി' ബന്ധമില്ലെന്ന് കോർപറേഷൻ അധികൃതർ പറയുന്നു.
സുരക്ഷാ ഉപകരങ്ങളെത്തി
ഇന്ത്യയിൽ ട്രംപിന് സുരക്ഷ ഒരുക്കുന്നതിനുള്ള ഉപകരണങ്ങളുമായി അമേരിക്കയിൽ നിന്നുള്ള പ്രത്യേക കാർഗോ വിമാനങ്ങൾ അഹമ്മദാബാദിലെത്തി.
അടുത്ത ദിവസങ്ങളിലും ട്രംപിനുള്ള സന്നാഹങ്ങളുമായി അമേരിക്കയിൽ നിന്നുള്ള വിമാനങ്ങൾ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തും. ട്രംപിന് സഞ്ചരിക്കാനുള്ള വാഹനങ്ങളും സുരക്ഷയൊരുക്കാനുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഇതിലുണ്ടായിരിക്കുമെന്നാണ് സൂചന.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. വിവിധ ഹോട്ടലുകൾ ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിച്ചുവരികയാണ്.
അമേരിക്കൻ രഹസ്യവിഭാഗത്തിന്റെ നിയന്ത്രണത്തിലായിരിക്കും ട്രംപിന്റെ സന്ദർശനം. ഇന്ത്യൻ എൻ.എസ്.ജി ട്രംപിനുള്ള രണ്ടാം നിര സുരക്ഷയുടെ ചുമതല വഹിക്കും.
ഫെബ്രുവരി 24നാണ് 'നമസ്‌തേ ട്രംപ്" റോഡ് ഷോ.
24 കിലോമീറ്റർ വരുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് സബർമതി ആശ്രമത്തിൽ അവസാനിക്കും.
അഹമ്മദാബാദിൽ ട്രംപ് 2-5 മണിക്കൂർ വരെ ചിലവഴിക്കും.
ഭാര്യ മെലാനിയയും ട്രംപിനൊപ്പമുണ്ടാകും.
താജ്മഹൽ ഒരുങ്ങി
ട്രംപിന്റെയും ഭാര്യ മെലാനിയയെയും സ്വീകരിക്കാനായി താജ്മഹൽ അണിഞ്ഞൊരുങ്ങുന്നു. സന്ദർശനത്തിന്റെ ഭാഗമായി ആഗ്ര മുനിസിപ്പൽ കോർപറേഷൻ താജ്മഹലിന് ചുറ്റുമുള്ള മതിലുകളെല്ലാം പെയിന്റ് ചെയ്ത് ഭംഗിയാക്കി. മതിലുകളിൽ കലാകാരൻമാരെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചു.
ഇവിടേക്കുള്ള റോഡുകളും വൃത്തിയാക്കി. ഡിവൈഡറുകൾ പെയിന്റടിച്ചു. റോഡുകൾക്ക് മദ്ധ്യത്തിലുള്ള പ്രതിമകൾ മുഖംമിനുക്കി. 25ന് താജ്മഹലിന് സമീപമുള്ള കലാകൃതി ഓഡിറ്റോറിയിത്തിൽ സംഘടിപ്പിക്കുന്ന 'മൊഹബത്ത്" എന്ന സാംസ്‌കാരിക പരിപാടിയിൽ ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന.
ട്രംപിന്റെ സുരക്ഷയ്ക്കായി 5000 സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. ജനുവരിയിൽ യു.എസിൽ നിന്നുള്ള സുരക്ഷാ സംഘം താജ്മഹൽ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
എല്ലാം സുസജ്ജം
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ മൊടേര സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ട്രംപും മോദിയും സംയുക്തമായി 24ന് ഉദ്ഘാടനം ചെയ്യും. അതിനായുള്ള കാത്തിരിപ്പിലാണ്. സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണെന്നും വിജയ് രൂപാണി പറഞ്ഞു.