secretariate
KERALA NIYAMASABHA

തിരുവനന്തപുരം: സംസ്ഥാന ഭരണനിർവഹണത്തിൽ പങ്കുവഹിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കി കേരള പി.എസ്.സി ആദ്യമായി നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് ഇനി രണ്ടു ദിവസം കൂടി. 22 നാണ് പ്രിലിമിനറി പരീക്ഷ. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി ഇത്തരത്തിലൊരു പരീക്ഷ പി.എസ്.സി നടത്തുന്നത് ആദ്യമായാണ്.

പ്രിലിമിനറി പരീക്ഷയിലെ ഓരോ പേപ്പറിലും 100 ചോദ്യങ്ങളുണ്ടാവും. 90 മിനിറ്റാണ് പരീക്ഷാസമയം. പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകിയ 4.1 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി 1534 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷ എഴുതുമെന്ന ഉറപ്പ് പി.എസ്.സിക്ക് നൽകാത്തതിനെ തുടർന്ന് ഒന്നാം ധാരയിൽ 1,71,550 അപേക്ഷകളും രണ്ടാം ധാരയിൽ 3,146 അപേക്ഷകളും മൂന്നാം ധാരയിൽ 168 അപേക്ഷകളും അസാധുവായി.


ഉദ്യോഗാർഥികൾ ഏതെങ്കിലും ഒരു പേപ്പർ എഴുതാതിരിക്കുന്നത് പരീക്ഷയിൽ മൊത്തത്തിൽ ഹാജരാകാതിരുന്നതായി കണക്കാക്കും. വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരിക്കുന്നത് പ്രൊഫൈൽ തടസപ്പെടുത്തുന്നതിന് അടക്കമുള്ള നടപടികൾക്ക് കാരണമാകുമെന്ന് പി.എസ്.സി അറിയിച്ചു. ഇൻവിജിലേറ്റർമാരായി അദ്ധ്യാപകർക്ക് മാത്രമായിരിക്കും ചുമതല.

►ശ്രദ്ധിക്കാൻ

പരീക്ഷാസമയം രാവിലെ 10 മുതൽ 12 വരെ, ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ

ഉദ്യോഗാർത്ഥികളെ രാവിലെ 9.45നു ശേഷവും ഉച്ചയ്ക്ക് 1.15ന് ശേഷവും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കും

പരീക്ഷാസമയത്ത് ക്രമക്കേട് നടത്തിയാൽ ഉത്തരവാദിത്വം ഇൻവിജിലേറ്റർമാർക്ക്

സംശയം തോന്നുന്ന ഉദ്യോഗാർത്ഥികളുടെ കണ്ണട, വസ്ത്രത്തിലെ ബട്ടണുകൾ എന്നിവ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കാം

ഒരു പരീക്ഷാകേന്ദ്രത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ

ആവശ്യമെങ്കിൽ പുരുഷവനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദേഹപരിശോധന നടത്താം

ഇൻവിജിലേറ്റർമാർക്ക് പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. പരീക്ഷ അവസാനിക്കുന്നത് വരെ ഇവർ ഹാളിനുള്ളിൽ ഉണ്ടായിരിക്കണം.

പരീക്ഷാഹാളിൽ പ്രവേശിപ്പിക്കാത്ത സാധനങ്ങൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം ഉണ്ടായിരിക്കും

►പരീക്ഷാഹാളിൽ കൊണ്ടുവരാവുന്നവ

തിരിച്ചറിയൽ രേഖ, അഡ്മിറ്റ് കാർഡ്, ബോൾ പോയിന്റ് പേന


►അരുത്

വാച്ച്, ഹെൽത്ത് ബാൻഡ്, മൊബൈൽ ഫോൺ, പഴ്സ്, വള, മോതിരം, മാല

►നിയമനം ലഭിച്ചാൽ

കെ.എ.എസ് ജൂനിയർ ടൈം സ്‌കെയിൽ ആയി നിയമനം ലഭിക്കുന്നവർക്ക് 10 മാസമാണ് പരിശീലനം. 15 ദിവസം കുറയാതെയുള്ള പരിശീലനമാണ് നൽകുന്നത്. 2 വർഷമാണ് പ്രൊബേഷൻ കാലാവധി.