fatf

പാരീസ്: ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം 21ന് പാരീസിൽ ചേരുന്ന പ്ളീനറി സമ്മേളനത്തിൽ ഉണ്ടാകും.

ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.

ഭീകരത ഇല്ലാതാക്കാൻ പാകിസ്ഥാൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. ലഷ്‌കർ ഇ ത്വയ്ബ, ജയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകൾക്ക് പാകിസ്ഥാൻ നിരന്തരം സാമ്പത്തികസഹായം നൽകുന്നത് ഇന്ത്യ ആവർത്തിക്കുന്ന കാര്യമാണെന്നും ഈ സാഹചര്യത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നും എഫ്.എ.ടി.എഫ് അറിയിച്ചു.

ഇക്കാര്യത്തിൽ പാകിസ്ഥാന് നൽകിയ കർമപദ്ധതി 2020 ഫെബ്രുവരിയോടെ പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിലാവുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന് കഴിഞ്ഞ ആഴ്ച പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വ‌ർഷം തടവുശിക്ഷ വിധിച്ചിരുന്നു. എഫ്.എ.ടി.എഫിനെയും പാശ്ചാത്യ രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് വിലയിരുത്തിയിരുന്നു.

ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ പാകിസ്ഥാന് 39 ൽ 12 വോട്ടുകൾ ലഭിക്കണം.

കരിമ്പട്ടികയിൽപ്പെടുത്തുകയാണെങ്കിൽ അത് പാകിസ്ഥാന്റെ സാമ്പത്തിക പരിഷ്കാരങ്ങളെയും സ്ഥിരതയെയും സാരമായി ബാധിക്കും. ചൈനയ്ക്ക് പുറമേ തുർക്കിയും മലേഷ്യയും പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പരമാവധി മൂന്ന് രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ കരിമ്പട്ടിക ഒഴിവാക്കാനാവൂ. ഏപ്രിലിനകം ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുവരാനായില്ലെങ്കിൽ സ്വാഭാവികമായി പാകിസ്ഥാൻ കരിമ്പട്ടികയിലാകും.

മസൂദ് അസർ അടക്കമുള്ള പല കൊടും ഭീകരന്മാരെയും പാകിസ്ഥാൻ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നുമാണ് ഇന്ത്യയുടെ പ്രധാന ആരോപണം.