ajmal-kasab

മുംബയ്: മുംബയ് ഭീകരാക്രമണത്തെ ഒരു 'ഹിന്ദു തീവ്രവാദ'മായി ചിത്രീകരിക്കാൻ ഭീകരസംഘടന ലഷ്‌കർ ഇ ത്വയ്ബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ.

"മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മൽ കസബ് ഇന്ത്യയിലേക്ക് വന്നത് ബംഗളൂരു സ്വദേശി സമീർ ദിനേശ് ചൗധരി എന്ന പേരിലുള്ള ഒരു വ്യാജ തിരിച്ചറിയൽ കാർഡും പേഴ്സിൽ വച്ചിട്ടാണ്. അയാളുടെ കൈയിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ടായിരുന്നു. ആക്രമണത്തിനൊടുവിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചുകിടക്കുമ്പോൾ അയാൾ ഒരു ഹിന്ദു തീവ്രവാദിയാണ് എന്ന് തോന്നിക്കാൻ വേണ്ടിയായിരുന്നു ലഷ്‌കർ ഇ ത്വയ്ബയുടെ തന്ത്രപരമായ ഈ പ്ലാനിംഗ്. എന്നാൽ, അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അവനെ ജീവനോടെ പിടികൂടാനും, അവൻ പാകിസ്ഥാനിലെ ഫരീദ്കോട്ട് സ്വദേശി അജ്മൽ അമീർ കസബ് ആണെന്ന് കണ്ടെത്താനും ഞങ്ങൾക്കായി. " - മുൻ മുംബയ് സിറ്റി പൊലീസ് കമ്മിഷണർ രാകേഷ് മരിയ എഴുതിയ ആത്മകഥ ലെറ്റ് മീ സേ ഇറ്റ് നൗ (Let Me Say It Now)​ ൽ പറയുന്നു.

ലഷ്‌കറിന്റെ പദ്ധതി ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മുംബയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും മാദ്ധ്യമങ്ങളിൽ വരിക. എന്നാൽ ആ പദ്ധതി നടപ്പായില്ല.- മരിയ പറയുന്നു.

ഹൈദരാബാദിലെ അരുണോദയ കോളേജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികൾ കൈവശം വച്ചിരുന്നതായി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കസബിന്റെ കൈയിലും കാർഡ് ഉണ്ടായിരുന്നു.

കസബും സുഹൃത്ത് മുസാഫുർ ഖാനും ഒന്നിച്ചാണ് ലഷ്‌കറിൽ ചേരുന്നത്. ആരെയെങ്കിലും കൊള്ളയടിച്ച് പണമുണ്ടാക്കി അതും കൊണ്ട് എവിടെയെങ്കിലും പോയി സുഖിച്ചു ജീവിക്കുക എന്ന ലക്ഷ്യമായിരുന്നു ഇരുവർക്കും.

ഇന്ത്യയിൽ മുസ്ളിം പള്ളികൾ നിസ്‌കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബിനെ വിശ്വസിപ്പിച്ചിരുന്നത്.

ക്രൈം ബ്രാഞ്ച് ലോക്കപ്പിനുള്ളിൽ കഴിഞ്ഞിരുന്ന കാലത്ത് ദിവസവും അഞ്ചുനേരവും കേട്ടിരുന്ന ബാങ്കുവിളി തന്റെ തോന്നലാണെന്നായിരുന്നു കസബിന്റെ വിശ്വാസം. ഇത് മനസിലാക്കിയ ഞങ്ങൾ കസബിനെ പൊലീസ് വാഹനത്തിൽ സമീപത്തെ മുസ്ളിം പള്ളിയിൽ കൊണ്ടുപോയി. അവിടെ നമസ്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മിഷണർ പുസ്തകത്തിൽ പറയുന്നു. കസബിനെ 2012 ൽ തൂക്കിലേറ്റിയിരുന്നു.

രാകേഷ് മരിയ

ഹോം ഗാർഡ്സിന്റെ ഡയറക്ടർ ജനറൽ ആയി വിരമിച്ചു.

 മുംബയ് സിറ്റി ട്രാഫിക് പൊലീസിൽ ഡെപ്യൂട്ടി കമ്മിഷണർ ആയിരിക്കെ, 1993 ലെ മുംബയ് ബോംബ് സ്‌ഫോടനങ്ങളിൽ തുമ്പുണ്ടാക്കി

 2003 ൽ ഗേറ്റ് വേ ഒഫ് ഇന്ത്യയിലും സാവേരി ബസാറിലും ഉണ്ടായ ഇരട്ട സ്ഫോടനങ്ങളും അന്വേഷിച്ച് പ്രതികൾക്ക് തൂക്കുകയർ വാങ്ങിക്കൊടുത്തു.

 2008ൽ മുംബയ് ഭീകരാക്രമണത്തിന്റെ (26/11) അന്വേഷണ ചുമതല വഹിച്ചു.

 2015 ൽ ഇന്ദ്രാണി മുഖർജിയെ ഉൾപ്പെട്ട ഷീന ബോറാ വധക്കേസ് അവസാനഘട്ടത്തിൽ അദ്ദേഹത്തെ പ്രൊമോഷൻ നൽകി അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി.

എന്തുകൊണ്ട് മരിയ ഇത്രകാലും മിണ്ടാതിരുന്നു. കോൺഗ്രസ് നുണകൾ പടച്ചുവിടുകയാണ്. ഭീകരതയ്ക്ക് മതമില്ല

- കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ചില ബുദ്ധിജീവികൾ കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ, മുംബയ് ഭീകരാക്രമണത്തെ ആർ.എസ്.എസുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇന്നത് ഐ.എസിന്റെ ഗൂഢാലോചനയാണെന്ന് തെളിഞ്ഞിരിക്കുന്നു.

-റാം മാധവ്, ബി,ജെ.പി നേതാവ്.