തൃശൂർ: ദേശമംഗലം കൊറ്റമ്പത്തൂരിലെ കാട്ടിൽ മനഃപൂർവം തീയിട്ടതാണെന്ന നിഗമനത്തിൽ വനംവകുപ്പ് അന്വേഷണം ശക്തമാക്കി. ഈ മാസം 12 നാണ് ആദ്യം തീപിടിത്തമുണ്ടായത്. അത് രണ്ടു ദിവസത്തിനുള്ളിൽ പൂർണമായി അണച്ചെങ്കിലും വീണ്ടും തീപിടിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ആരോ തീയിട്ടതാകാമെന്ന് തന്നെയാണ് വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ കരുതുന്നത്. കാട്ടുതീയിൽപെട്ട് മൂന്ന് വനപാലകർ മരിക്കാനിടയായ ദാരുണസംഭവത്തിന് ഇടവരുത്തിയത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഡി.എഫ്.ഒയുടെയും റെയ്ഞ്ച് ഓഫീസറുടെയും നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. തുടരന്വേഷണം സ്പെഷ്യൽ സ്ക്വാഡിനോ, പൊലീസ് ക്രൈംബ്രാഞ്ചിനോ കൈമാറാനും സാദ്ധ്യതയുണ്ട്. ദുരന്തം സംഭവിച്ച പ്രദേശത്തെ 475 ഹെക്ടറോളം വരുന്ന വനഭൂമി വർഷങ്ങളായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ കൈവശത്തിലാണ്. എല്ലാ വേനലിലും കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് അടിക്കാട് വെട്ടിത്തെളിയിച്ച് ഫയർ ലൈൻ നിർമ്മിക്കാറുണ്ട്. എന്നാൽ കരാർ അടിസ്ഥാനത്തിൽ വിട്ടു നൽകിയ ഭൂമിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് കമ്പനിയാണ്. ഇക്കാര്യം കാണിച്ച് കമ്പനിക്ക് രണ്ട് തവണ വനം വകുപ്പ് കത്ത് നൽകിയെങ്കിലും ഇത് അവഗണിക്കുകയാണ് ഉണ്ടായതെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് വ്യക്തമാക്കിയിരുന്നു. കമ്പനിയിൽ നിന്ന് വനഭൂമി തിരിച്ചെടുക്കാൻ വനം വകുപ്പ് ഉടൻ നടപടി സ്വീകരിക്കും. പേപ്പർ നിർമ്മാണത്തിനായി അക്കേഷ്യ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനാണ് കരാർ അടിസ്ഥാനത്തിൽ ഭൂമി വിട്ടു നൽകിയത്. നാല് വർഷം മുൻപ് മരങ്ങൾ മുറിച്ച് മാറ്റിയ കമ്പനി പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇക്കാരണത്താൽ തന്നെ പ്രദേശത്ത് രണ്ടാൾ ഉയരത്തിൽ പുല്ലും പാഴ് ചെടികൾ വളർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഫയർഫോഴ്സിന്റെ മുന്നറിയിപ്പ്
കാട്ടുതീ ഉണ്ടായാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ പോകുന്ന രക്ഷാപ്രവർത്തകർ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കണം. കാട്ടുതീയിൽ പുക ശ്വസിച്ചാൽ അബോധാവസ്ഥയിലാകാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ നനഞ്ഞ തുണി ഉപയോഗിച്ച് മൂക്കും വായും കെട്ടണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.