തിരുവനന്തപുരം: മലയാളത്തിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അർത്ഥവത്തായ തുടക്കം എം.എസ്.മണിയിലൂടെയായിരുന്നു.കേരള സർക്കാരിന്റെ അറിവോടെ കോട്ടയത്തെ ക്രൈസ്തവ പ്രമാണികൾ നടത്തിയ വനം കൊള്ള തുറന്നുകാട്ടിയ 'കാട്ടുകള്ളന്മാർ' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ അന്വേഷണാത്മക റിപ്പോർട്ടുകൾ കേരള രാഷ്ടീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. ഇതിനെ ആധാരമാക്കി 'കാട്ടുകള്ളന്മാർ' (1974) എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. അമേരിക്കയിലെ ഗ്രാന്റ് കാനിയനെ വർണിക്കുന്ന 'സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു' (1970) എന്ന യാത്രാവിവരണമാണ് ആദ്യ കൃതി.ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി അംഗം, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ആൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത മാദ്ധ്യമ പുരസ്കാരമായ സ്വദേശാഭിമാനി പുരസ്കാരവും അംബേദ് കർ അവാർഡും എം.എസ്.മണിക്ക് ലഭിച്ചു.. കെ. ആർ. നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം നടത്തിയ അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയോടൊപ്പം പഴയ സോവിയറ്റ് യൂണിയനിലെ താഷ്‌കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസ്ളാവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ പൂർവ ജർമ്മനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാരിന്റെ ക്ഷണപ്രകാരം ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവേ, ഡെന്മാർക്ക്, തായ് വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പര്യടനം നടത്തി. എം.എസ് മണിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, പ്രൊഫ. കെ.വി. തോമസ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മേഘാലയ മുൻ ഗവർണർ വക്കം പുരുഷോത്തൻ, മന്ത്രിമാർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.