അബുദാബി: ആഗോള സുറിനായി സഭാ പരാമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയ്ക്ക് യു.എ.ഇ സഹിഷ്‌ണുതാ വകുപ്പ് മന്ത്രി ഷെയ്‌ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ കൊട്ടാരത്തിൽ സ്വീകരണം നൽകി. വിവിധ വിശ്വാസങ്ങൾ പുലർത്തുന്ന ആളുകൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യു.എ.ഇ ലോകത്തിന് തന്നെ മാതൃകയാണെന്ന് ബാവ പറഞ്ഞു.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, മാർ ബർത്തലോമയോസ് നഥാനിയേൽ, ഐസക് മാർ ഓസ്‌താത്തിയോസ്, മാർ ബുട്രോസ്, ബാലി ജോസഫ് റമ്പാൻ, ഫാ. പൗലോസ് തുടങ്ങിയവർ കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു. ആഗോള സുറിയാനി സഭയ്ക്ക് യു.എ.ഇയിലും കേരളത്തിലും എം.എ. യൂസഫലി നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് കൂടിക്കാഴ്‌ചയിൽ ഷെയ്‌ക് നഹ്യാനോട് ബാവ പറഞ്ഞു. മൂന്നുദിവസത്തെ യു.എ.ഇ സന്ദർശനത്തിന് ശേഷം ബാവ ലെബനനിലേക്ക് മടങ്ങി.