ന്യൂഡൽഹി: ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്താൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് ഉപസമിതിയുടെ ശുപാർശ..ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഫെബ്രുവരി 21ന് ഉണ്ടാകുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാരീസിൽ നടക്കുന്ന എഫ്.എ.ടി.എഫിന്റെ അന്താരാഷ്ട്ര സഹകരണ പുനഃപരിശോധനാ സമിതിയുടെ യോഗത്തിന്റെതാണ് ശുപാർശ.
തുർക്കിയും മലേഷ്യയും പാകിസ്ഥാനെ പിന്തുണച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരെ പാകിസ്ഥാൻ നടപടിയെടുത്തെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തുർക്കിയും മലേഷ്യയും പിന്തുണച്ചത്.
ഹാഫിസ് സയീദിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വര്‍ഷം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. എഫ്..എ..ടി..എഫിനെയും പാശ്ചാത്യ രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹാഫിസ് സയീദിന് പാക് കോടതി തടവുശിക്ഷ വിധിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.
ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ പാകിസ്ഥാന് 39ൽ 12 വോട്ടുകൾ ലഭിക്കണം. എന്നാൽ, കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ അവർക്ക് മൂന്ന് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്