sachin

കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സച്ചിൻ ടെൻഡുൽക്കർ

ബെ‌ർലിൻ: സച്ചിൻ രമേഷ് ടെൻഡുൽക്കർ... ഓരോ ഇന്ത്യക്കാരനും ജീവിതത്തിന്റെ ഭാഗമാണ് ഈ പേര്. അന്താരാഷ്ട്ര ക്രിക്കറ്രിൽ നിന്ന് വിരമിച്ച് അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും ക്രിക്കറ്റ് മൈതാനങ്ങളിൽ ബാറ്രുമേന്തി അദ്ദേഹം ഉയർത്തിവിട്ട ആരവങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കായിക രംഗത്തെ ഓസ്കാർ അവാർഡ് എന്നറിയുപ്പെടുന്ന ലോറസ് പുരസ്കാര വേദിയിലും ഈ അഞ്ചടി അഞ്ചിഞ്ചുകാരൻ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടയിലെ ഏറ്രവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരം ലഭിച്ചത് സച്ചിനായിരുന്നു. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന അടിക്കുറിപ്പിൽ 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായ ശേഷം സഹതാരങ്ങൾ സച്ചിനെ ചുമലിലേറ്രി വാങ്കഡേ സ്റ്റേഡിയം വലംവയ്ക്കുന്ന ചിത്രമാണ് വോട്ടെടുപ്പിലൂടെ ഏറ്രവും മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഒരിക്കലും തകർക്കാനാകാത്ത നേട്ടവും സച്ചിന് സ്വന്തമായി.

ജർമ്മൻ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറാണ് സച്ചിന്റെ പേര് പ്രഖ്യാപിച്ചത്. ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകൻമാരിൽ പ്രഥമ ഗണനീയനായ സ്റ്രീവ് വോയിൽ നിന്നാണ് സച്ചിൻ പുരസ്കാരം ഏറ്രുവാങ്ങിയത്. ഈ നേട്ടം എല്ലാ ഇന്ത്യക്കാർക്കും അകാശപ്പെട്ടതാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിൻ പറഞ്ഞു.

മെസിയും ഹാമിൽട്ടൺ ബൈൽസ്കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരങ്ങളായി ഫുട്ബാൾ താരം ലയണൽ മെസി,​ ഫോർമുല വൺ കാറോട്ട ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ എന്നിവരെ തിരഞ്ഞെടുത്തു. ലോറസ് അവാർഡിന്റെ ഇരുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മികച്ച പുരുഷ താരത്തിനുള്ള അവാർഡ് രണ്ട് പേർക്ക് നൽകുന്നത്. തുല്യ വോട്ട് ലഭിച്ചതോടെയാണ് രണ്ട് പേർക്കും അവാർഡ് നൽകാൻ അധികൃതർ തീരുമാനിച്ചത്. ചടങ്ങിൽ മെസിക്ക് പങ്കെടുക്കാനായില്ല. അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ തനിക്ക് ലഭിച്ച പുരസ്കാരത്തിന് നന്ദി പറഞ്ഞു. അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോണ ബൈൽസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്. പരിശീലന ക്യാമ്പിലായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബൈൽസും വീഡിയോ കോൺഫറൻസിലൂടെ പുരസ്കാര നേട്ടത്തിനുള്ള കൃതജ്ഞത അറിയിച്ചു.