selvi

കുമളി: തമിഴ്നാട്ടിലെ കമ്പം തൊട്ടമ്മൻ തുറയ് ഭാഗത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. കമ്പം നന്ദഗോപാലൻ തെരുവിൽ വിഘ്‌നേശ്വരനാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ ശെൽവി(50), വിഘ്‌നേശ്വരന്റെ സഹോദരൻ ഭരത് (26) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വിഘ്‌നേശ്വരന്റെ ശരീരഭാഗങ്ങൾ പലഭാഗങ്ങളിൽ നിന്നായി കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കമ്പം ചുരുളി റോഡരുകിൽ മുല്ലപ്പെരിയാർ ജലം ഒഴുക്കുന്ന കനാലിനടുത്തായി ഞായറാഴ്ചയാണ് കൈയും കാലുകളും തലയുമില്ലാതെ ഉടൽ മാത്രമായി മൃതദേഹം കാണപ്പെട്ടത്. സ്ത്രീയും പുരുഷനും സ്‌കൂട്ടറിൽ വന്ന് എന്തോ വലിച്ചെറിഞ്ഞ് പോകുന്നത് സമീപത്ത് മീൻ പിടിച്ചു കൊണ്ടിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ മീൻപിടുത്തക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി കമ്പം വീരനായിക്കൻ പെട്ടിയിൽ നിന്നും വിഘ്‌നേശ്വരിന്റെ തലയും സന്ധ്യയോടെ കമ്പം പാത്തപ്പൻ തുറ ഭാഗത്തെ ജലാശയത്തിൽ നിന്നും കൈ കാലുകളും കണ്ടെടുത്തു.

തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സായ്സരൻ തേജസ് നിർദേശിച്ച പ്രകാരം തേനി ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. മകന്റെ അമിത ലഹരി ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്‌. ലഹരി ഉപയോഗിച്ചശേഷം വീട്ടിലെത്തി മാതാവുമായി വഴക്കുണ്ടാക്കുന്നത് പതിവായതോടെ സഹോദരൻ പലതവണ താക്കീത് നൽകിയിട്ടും വിഘ്നേശ്വരൻ ഇത് അവഗണിച്ചു. മാതാവും സഹോദരനും ചേർന്ന് അമിതമായി ഉറക്കഗുളിക നൽകിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൊഴി നൽകി.