ബീജിംഗ്: ചെെനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2009 ആയി ഉയർന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 75,121 പേര്‍ക്ക് ഇതിനോടകം കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 4233 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ വുചാങ് ആശുപത്രി ഡയറക്ടര്‍ ഡോ. ലിയു ഷിമിങും കഴിഞ്ഞദിവസം വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. വുഹാനില്‍ രോഗബാധിതരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ കയറി പരിശോധന ആരംഭിച്ചു. ഇതിനിടയിൽ ചൈനയിലെ പല നഗരങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാക്കും. വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താല്‍ക്കാലിക കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. അതേസമയം, ദക്ഷിണകൊറിയയിൽ 15പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.