അപകട സമയത്ത് തനിക്കൊപ്പം കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് വാവ സുരേഷ്. പാമ്പു കടിയേറ്റതിനെ തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വാവ സുരേഷിനെ കഴിഞ്ഞ ദിവസം പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. തന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും, ചികിത്സിച്ച ഡോക്‌ടർമാർക്കും, പ്രത്യേക ശ്രദ്ധ നൽകിയ ആരോഗ്യമന്ത്രിക്കും ജീവനക്കാർക്കുമെല്ലാം തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് സുരേഷ് നന്ദി അറിയിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.