വാഷിംഗ്ടൺ: അടുത്താഴ്ചത്തെ ഇന്ത്യ സന്ദർശനത്തിൽ പ്രധാന ഉഭയക്ഷി കരാറുകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വലിയ കരാർ ഇപ്പോഴില്ലെന്നും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് (പ്രാദേശിക സമയം)മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
'ഇന്ത്യയുമായി വലിയ വ്യാപാര ഇടപാട് ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്ന് എനിക്കറിയില്ല' ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാകുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ട്രംപ്. ഫെബ്രുവരി 24, 25 തീയതികളിൽ അദ്ദേഹം ഇന്ത്യ സന്ദർശിക്കും.
അതേസമയം തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ്, ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
'വിമാനത്താവളത്തിലും മറ്റുമായി ഏഴ് മില്ല്യൺ ആളുകൾ കാണാൻ എത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. സ്റ്റേഡിയം നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരിക്കും. അതിനാൽ ഞാൻ വളരെ ആവേശത്തിലാണ്. നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'-ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളുടെ പ്രധാന കണ്ണിയായ യു.എസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല.