ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയമാണ്. ആം ആദ്മി പാർട്ടി 62 സീറ്റുകൾ നേടിയപ്പോൾ 8 സീറ്റുകളിലായി ബി.ജെ.പി ഒതുങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായി ന്യൂനപക്ഷ വോട്ടുകൾ ആം ആദ്മി പാർട്ടിക്ക് ലഭിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ബി.ജെ.പി പുതിയ തന്ത്രങ്ങൾ പുറത്തെടുത്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ബി.ജെ.പി ഉപയോഗിച്ചത് ഇന്റെർനെറ്റ് തന്ത്രം തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യാജ വീഡിയോ സാങ്കേതിക വിദ്യ ഡീപ്പ് ഫേക്ക് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടുകൂടി നിര്‍മിച്ച ഒരു 'തട്ടിപ്പ്' വീഡിയോ. അതാണ് ഡീപ്പ് ഫേക്ക്. അതിലുള്ള വ്യക്തി, പറയാത്ത കാര്യങ്ങള്‍ പറയുന്ന വീഡിയോ. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്‍വിയിലും ഉള്ള 44 സെക്കന്‍റുള്ള വീഡിയോ ആണ് ഇത്. ആം ആദ്മിക്കെതിരെ തിവാരി വിമർശനം നടത്തുന്നതാണ് വീഡിയോയിൽ. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ സാധാരണമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ആയി തോന്നാമെങ്കിലും ഇത് ഒരു ഫേക്ക് വീഡിയോ ആണെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇക്കാര്യം ഡൽഹി ബി.ജെ.പി ഐടി സെൽ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ അത് പോസിറ്റീവായി മാത്രമാണ് ഉപയോഗപ്പെടുത്തിയത് എന്നും ഇവര്‍ പറയുന്നു. ഐഡിയാസ് ഫാക്ടറി എന്ന പൊളിറ്റിക്കല്‍ കമ്യൂണിക്കേഷന്‍ സ്ഥാപനം ഇതിനായി ഡൽഹി ബി.ജെ.പി ഘടകത്തിന്‍റെ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ഭാഷ സംസാരിക്കുന്ന വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി നിങ്ങള്‍ ചൂണ്ടികാട്ടിയ പ്രദേശിക ഭാഷയിലുള്ള വീഡിയോ സഹായിക്കും എന്നും ബി.ജെ.പി വക്താവ് കൂട്ടിച്ചേര്‍ത്തു.